താമരശ്ശേരി: കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതിയായ ജോളി തനിക്കെതിരെ രഹസ്യമൊഴി നല്‍കിയ സാക്ഷിയോട് സംസാരിച്ചു.
വനിതാ പൊലീസിന്‍റെ സാന്നിധ്യത്തിലാണ് സാക്ഷിയായ പിഎച്ച്. ജോസഫ് ഹില്ലാരിയേസിനോട് ജോളി സംസാരിച്ചത്. ഇത് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ നിര്‍ണ്ണായക വീഴ്ചയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ജോളിയുടെ കൂടെ പോയ പോലീസിന് തന്നെയാണ് വീഴ്ച ഉണ്ടായതെന്ന് അന്വേഷണ സംഘം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണറോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്.
സിലി വധക്കേസില്‍ ജോളിയുടെ റിമാന്‍ഡ് കാലാവധി നീട്ടുന്നതിനായി താമരശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കേസിലെ നിര്‍ണായക സാക്ഷികളിലൊരാളുമായി ജോളി സംസാരിച്ചത്.
കൊല്ലപ്പെട്ട ടോം തോമസിന്‍റെ ബന്ധുവാണ് സാക്ഷിയായ ജോസഫ് ഹില്ലാരിയേസ്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ടമ്പോള്‍ ജോസഫ് ഹില്ലാരിയേസ് ആയിരുന്നു സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പറഞ്ഞ് പോലീസില്‍ പരാതി നല്‍കിയിരുന്നത്.
കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിയുന്നത്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്.
2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍.