കൂടത്തായി കൊലപാതക പരമ്പര: ഷാജുവിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും

കൂടത്തായി കൊലപാതക കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ മൊഴി രേഖപ്പെടുത്തും. 

Sheeba George | Updated: Nov 7, 2019, 01:53 PM IST
കൂടത്തായി കൊലപാതക പരമ്പര: ഷാജുവിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ മൊഴി രേഖപ്പെടുത്തും. 

ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഷാജുവിന്‍റെ മൊഴി രേഖപ്പെടുത്തുന്നത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഷാജുവിന്‍റെ മൊഴി രേഖപ്പെടുത്തുന്നത്.

കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയ്ക്കെതിരെ ഏറ്റവും ശക്തമായ തെളിവുകള്‍ നിലനിൽക്കുന്ന കേസാണ് ആദ്യഭര്‍ത്താവ് റോയ് തോമസിന്‍റെ കൊലപാതകം. ഈ കേസിൽ മുന്‍പ് ജോളിയുടെ മക്കളുടെയും ഷാജുവിന്‍റെ മുൻഭാര്യ സിലിയുടെ സഹോദരന്‍റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ, റോയ് തോമസിന്‍റെ മരണത്തിൽ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. 

കേസിൽ കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍ പോലീസ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. തന്‍റെ സ്വൈര്യജീവിതത്തിനു വേണ്ടിയും കുടുംബത്തിലെ സ്വത്ത് തട്ടിയെടുക്കാനായും ജോളി ഭര്‍ത്താവായിരുന്ന റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇത് തെളിയിക്കാൻ ആവശ്യമായ തെളിവുകളും സാക്ഷികളും തയ്യാറാണെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഇതുവരെ പോലീസ് ശേഖരിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലങ്ങളും ലഭിക്കാനുണ്ട്. റോയ് മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് പറയുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസിലെ പ്രധാന തെളിവ്. കൂടാതെ ജോളിയാണ് സയനൈഡ് നല്‍കിയതെന്നും ഇത് ലഭിച്ചത് ബന്ധുവായ മാത്യുവിൽ നിന്നും പ്രജുകുമാറിൽ നിന്നുമാണെന്നും വിശ്വാസയോഗ്യമായി തെളിയിക്കാൻ ആവശ്യമായ തെളിവുകളും പോലീസിന്‍റെ പക്കലുണ്ട്. 

കൂടാതെ, ജോളിയുടെ പരപുരുഷബന്ധങ്ങളും വ്യാജ വ്യക്തിത്വവും സാമ്പത്തിക ഇടപാടുകളും കേസിന് ബലമേകും.  ഇവ തെളിയിക്കാൻ ആവശ്യമായ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ആറു കൊലപാതകങ്ങളും ആറ് കേസുകളായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. 

നിലവില്‍ കേസിലെ മുഖ്യ പ്രതികളായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവര്‍ കഴിഞ്ഞ ഒക്ടോബര്‍ 5 മുതല്‍ ജയിലിലാണ്.