കൂടത്തായി കൊലപാതകം: സിലിയുടെ മരണത്തില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി

കൂടത്തായി കൊലപാതക കേസില്‍, സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി.

Last Updated : Oct 18, 2019, 02:15 PM IST
കൂടത്തായി കൊലപാതകം: സിലിയുടെ മരണത്തില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍, സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി.

കൂടത്തായി കൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് 4 മണിക്ക് അവസാനിക്കും. കോടതി നടപടികള്‍ക്ക് ശേഷം ഷാജുവിന്‍റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യുക. നിലവില്‍ റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് കോടതി നല്‍കിയ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കു൦. ഈ സാഹചര്യത്തിലാണ് സിലിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് വൈകിട്ട് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. രണ്ടാം പ്രതി എന്‍ എസ് മാത്യുവിനേയും അറസ്റ്റ് ചെയ്യും. ഇന്നത്തെ കോടതി നടപടികള്‍ക്ക് ശേഷമായിരിക്കും കേസ് അന്വേഷിക്കുന്ന വടകര കോസ്റ്റല്‍ സി.ഐ ബി.കെ സിജു അറസ്റ്റ് രേഖപ്പെടുത്തുക.

അതേസമയം, ജോളിയുടെ സുഹൃത്ത് റാണി വടകര റൂറല്‍ എസ്പി ഓഫീസില്‍ ഹാജരായി. റാണിയുടെ മൊഴിയെടുക്കല്‍ തുടരുകയാണ്. 
എന്‍ഐടിക്ക് സമീപം തയ്യല്‍ക്കട നടത്തിയിരുന്ന റാണി ജോളിയുമായി നില്‍ക്കുന്ന ഫോട്ടോകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പോലീസ് പിടിച്ചെടുത്ത ജോളിയുടെ ഫോണില്‍ നിന്നാണ് റാണിയുമായുള്ള സൗഹൃദം പോലീസിന് വ്യക്തമായത്. ജോളിയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ റാണിയുടെ മൊഴി ഉപകരിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. 

തലശേരിയില്‍ നിന്ന് രണ്ട് പേര്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ അതീവ രഹസ്യമായാണ് റാണി എസ് പി ഓഫീസിലെത്തിയത്. ജോളിയുടെ മൊബൈല്‍ ഫോണില്‍നിന്നാണ് റാണിയുടെ ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്.

അതേസമയം, ജോളി അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്നും അസുഖം അഭിനയിക്കുന്നതായും, നില്‍ക്കാനോ ഇരിക്കാനോ കഴിയുന്നില്ലെന്നുമാണ് ജോളി പറയുന്നത് എന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നതായും അന്വേഷണ സംഘം പറയുന്നു.

കഴിഞ്ഞ ദിവസം കോടതിയിൽ വെച്ച് അഭിഭാഷകന്‍ നിര്‍ദ്ദേശിച്ചതു പ്രകാരമാണ് ജോളി അന്വേഷണസംഘത്തോട് സഹകരിക്കുന്നത് അവസാനിപ്പിച്ചതെന്നാണ് സൂചന. കൂടാതെ അന്വേഷണം വഴി തെറ്റിക്കാനായി ജോളി തെറ്റായ മൊഴികളും നല്‍കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

 

Trending News