കൂടത്തായി കൊലപാതക പരമ്പര: ജോളി ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു!

ജോളിയെ അധികൃതര്‍ പ്രത്യേകം നിരീക്ഷിച്ചു വരുന്നുണ്ട്.  

Ajitha Kumari | Updated: Oct 6, 2019, 01:48 PM IST
കൂടത്തായി കൊലപാതക പരമ്പര: ജോളി ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു!

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളി ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

ഇന്നലെ ജോളി ഉറങ്ങിയില്ലയെന്നും മാനസികാസ്വാസ്ഥത പ്രകടിപ്പിച്ചുവെന്നും ജയില്‍ ജീവനക്കാര്‍ പറഞ്ഞു. അതിനെതുടര്‍ന്ന്‍ ജോളിയെ അധികൃതര്‍ പ്രത്യേകം നിരീക്ഷിച്ചു വരുന്നുണ്ട്.

കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ കല്ലറ തുറന്ന് പരിശോധന നടത്തിയത്. 

ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിഞ്ഞത്. അറസ്റ്റ് ഇവരില്‍ മാത്രം ഒതുങ്ങില്ലെന്ന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാത്രമല്ല ഇവരെ കൊല്ലാന്‍ സയനൈഡ് മാത്രമല്ല മറ്റ് ചില വിഷ വസ്തുക്കളും ഉപയോഗിച്ചെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. 

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 

2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍. 

2008 ല്‍ ടോം തോമസ്‌, 2011 ല്‍ റോയി തോമസ്‌, 2014 ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു അതിനുശേഷം ടോം തോമസിന്‍റെ സഹോദര പുത്രന്‍റെ മകള്‍ അല്‍ഫോന്‍സ ഒടുവില്‍ 2016 ല്‍ സഹോദര പുത്രന്‍റെ ഭാര്യ സിലി എന്നിവരാണ്‌ മരണമടഞ്ഞത്.