കൂടത്തായി കൊലപാതക കേസ്: ജോളിയെ ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്യും

ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ അറസ്റ്റു ചെയ്യാന്‍ അന്വേഷണ സംഘത്തിന് കൊയിലാണ്ടി കോടതി അനുമതി നല്‍കിയിരുന്നു.   

Ajitha Kumari | Updated: Oct 28, 2019, 09:17 AM IST
കൂടത്തായി കൊലപാതക കേസ്: ജോളിയെ ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്യും

കോഴിക്കോട്: കൂടത്തായി കൊലപതാക കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന്‍ ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്യും. 

ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ അറസ്റ്റു ചെയ്യാന്‍ അന്വേഷണ സംഘത്തിന് കൊയിലാണ്ടി കോടതി അനുമതി നല്‍കിയിരുന്നു. ഈ കേസ് അന്വേഷിക്കുന്ന തിരുവമ്പാടി സിഐ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തി ജോളിയുടെഅറസ്റ്റ് രേഖപ്പെടുത്തും. 

തുടര്‍ന്ന്‍ അന്വേഷണ സംഘം ഇന്നുതന്നെ പ്രൊഡക്ഷന്‍ വാറന്റ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും. ആല്‍ഫൈന്‍ വധക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് സാധ്യത.   

സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ആല്‍ഫൈന്‍ വധക്കേസുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവിനേയും പിതാവിനേയും വീണ്ടും വിളിച്ചുവരുത്തിയേക്കുമെന്നാണ് സൂചന. 

കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിയുന്നത്‌. 

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 

2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍.