കൂടത്തായി കൊലപാതക പരമ്പര: ജോളി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും

കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയെ നവംബര്‍ 4 വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

Sheeba George | Updated: Oct 26, 2019, 05:33 PM IST
കൂടത്തായി കൊലപാതക പരമ്പര: ജോളി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയെ നവംബര്‍ 4 വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

കൂടാതെ, ആല്‍ഫൈന്‍ വധക്കേസിലെ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നല്‍കി. താമരശേരി കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റിന് അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയിരുന്നു. ആല്‍ഫൈന് നല്‍കിയ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്തുവെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. 

ഷാജുവിന്‍റെ ആദ്യഭാര്യയായിരുന്ന സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മാത്യുവിനെതിരേ കേസെടുക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ മാത്യു നിലവില്‍ അറസ്റ്റിലായി റിമാന്‍ഡിലാണ്.

സിലി കൊലക്കേസില്‍ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെയാണ് ജോളിയെ കോടതിയില്‍ ഹാജരാക്കിയത്.

ജോളിയുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.