കൊട്ടിയൂര്‍ പീഡനം: (ഫാ) റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്

പ്രമാദമായ കൊട്ടിയൂര്‍ പീഡന കേസില്‍ (ഫാ) റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നതാണ് വൈദികനെതിരെയുള്ള കേസ്. 

Last Updated : Feb 16, 2019, 02:19 PM IST
കൊട്ടിയൂര്‍ പീഡനം: (ഫാ) റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്

കണ്ണൂര്‍: പ്രമാദമായ കൊട്ടിയൂര്‍ പീഡന കേസില്‍ (ഫാ) റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നതാണ് വൈദികനെതിരെയുള്ള കേസ്. 

കേസില്‍ പ്രതിയായ (ഫാ) റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവിനൊപ്പം മൂന്ന് ലക്ഷം രൂപ പിഴയടക്കണം. അതില്‍ 1.5 ലക്ഷം രൂപ ഇരയ്ക്ക് നല്‍കണം. തലശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി ശിക്ഷ 60 വര്‍ഷമാണ്. ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി അറിയിച്ചു.

കേസിലെ പ്രതികളായ ആറുപേരെ കോടതി വെറുതെവിട്ടു. ഇവര്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചന, വ്യാജരേഖകള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവര്‍ക്കെതിരെ ഉണ്ടായിരുന്നത്. പത്ത് പ്രതികളായിരുന്ന കേസില്‍ ആകെയുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുളള ഏഴ് പേരാണ് വിചാരണ നേരിട്ടത്. 

കേസിലെ രണ്ടാംപ്രതി കൊട്ടിയൂര്‍ പാലുകാച്ചി നെല്ലിയാനി വീട്ടില്‍ തങ്കമ്മ എന്ന അന്നമ്മ (54), ആറാംപ്രതി മാനന്തവാടി തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ കൊട്ടിയൂര്‍ നെല്ലിയാനിവീട്ടില്‍ ലിസ് മരിയ എന്ന എല്‍സി (35), ഏഴാംപ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ (48), എട്ടാംപ്രതി മാനന്തവാടി വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്ലിങ് ഹോമിലെ സിസ്റ്റര്‍ കോട്ടയം പാലാ മീനച്ചില്‍ നന്തിക്കാട്ട് വീട്ടില്‍ ഒഫീലിയ (73), ഒന്‍പതാം പ്രതി കൊളവയല്‍ സെയ്ന്റ് ജോര്‍ജ് പള്ളി വികാരിയും വയനാട് ശിശുക്ഷേമസമിതി മുന്‍ ചെയര്‍മാനുമായ കോഴിക്കോട് പെരുവണ്ണാമുഴി ചെമ്പനോട തേരകം ഹൗസില്‍ ഫാ. തോമസ് ജോസഫ് തേരകം (68), പത്താംപ്രതി വയനാട് ശിശുക്ഷേമസമിതി അംഗവും കല്‍പ്പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ ഡോക്ടറുമായ ഇടുക്കി മൂലമറ്റം കളപ്പുരയില്‍ സിസ്റ്റര്‍ ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ് (71) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

അതേസമയം, കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു. കള്ളസാക്ഷി പറഞ്ഞതിനാണ് രക്ഷിതാക്കള്‍ക്കെതിരെ നടപടി. കേസിന്‍റെ വിചാരണക്കിടെ പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറ് മാറിയിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായയെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്നും ഇവര്‍ കോടതിയില്‍ മൊഴി നല്‍കി.  

2017 ഫെബ്രുവരി ഏഴിനാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്. കുട്ടിയുടെ സംരക്ഷണം ലീഗല്‍ സര്‍വീസസ് അതോറിറ്റി ഏറ്റെടുക്കും.

തലശ്ശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍. വിനോദാണ് വിധി പറഞ്ഞത്. കഴിഞ്ഞ അഗസ്റ്റ് ഒന്നിനാണ് കേസിന്‍റെ വിചാരണ തലശ്ശേരി പോക്സോ കോടതിയില്‍ ആരംഭിച്ചത്. 54 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും ഏഴ് തൊണ്ടി മുതലുകളും പരിശോധിക്കുകയും ചെയ്തിരുന്നു.

 

More Stories

Trending News