മോദി സ്തുതി; തരൂര്‍ വിശദീകരിക്കണം!!

പ്രസ്താവന തിരുത്താന്‍ തരൂര്‍ തയാറാകാത്തത് കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

Sneha Aniyan | Updated: Aug 27, 2019, 12:18 PM IST
മോദി സ്തുതി; തരൂര്‍ വിശദീകരിക്കണം!!

തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവന നടത്തിയ തിരുവനന്തപുറം എംപി ശശി തരൂരിനോട് വിശദീകരണം തേടി കെപിസിസി. തരൂരിനോട് വിശദീകരണം തേടിയതായി കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അറിയിച്ചത്.

വിശദീകരണം ലഭിച്ച ശേഷം മാത്രമേ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനികൂവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, തരൂരിനെതിരെ എന്ത് നടപടിയെടുക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എഐസിസിയുടേതാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.  

പ്രസ്താവന തിരുത്താന്‍ തരൂര്‍ തയാറാകാത്തത് കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശിന്‍റെയും മനു അഭിഷേക് സിഗ്‍വിയുടെയും അഭിപ്രായത്തെ പിന്താങ്ങിയായിരുന്നു ശശി തരൂരിന്‍റെ മോദി അനുകൂല പ്രസ്താവന‍. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്ന ശൈലി ഗുണം ചെയ്യില്ലെന്നാണ് ജയറാം രമേഷും സിഗ്‍വിയു൦ വ്യക്തമാക്കിയിരുന്നത്. ഈ പ്രസ്താവനയെ പിന്തുണച്ചാണ് ശശി തരൂര്‍ തന്‍റെ ട്വിറ്ററിലൂടെ രംഗത്തെത്തിയത്.

നരേന്ദ്രമോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ പ്രശംസനീയമാണെന്നും ശശി തരൂര്‍ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ ഇക്കാര്യം പറയുകയാണ്. മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂ- തരൂര്‍ പറഞ്ഞു.

മോദിയെ വ്യക്തിപരയായി വിമര്‍ശിക്കുന്നതിനെതിരെ ജയറാം രമേശാണ് ആദ്യം രംഗത്തെത്തിയത്. അതിന് പിന്തുണയുമായി അഭിഷേക് സിംഗ്‌വിയും രംഗത്തെത്തുകയായിരുന്നു.