ആലപ്പുഴയിലെ തോല്‍വി അന്വേഷിക്കാന്‍ കെപിസിസി സമിതി

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍റെ പരാജയത്തെ കുറിച്ച്‌ കെപിസിസി സമിതി അന്വേഷിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 

Updated: Jun 12, 2019, 04:04 PM IST
ആലപ്പുഴയിലെ തോല്‍വി അന്വേഷിക്കാന്‍ കെപിസിസി സമിതി

തിരുവനന്തപുരം: ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍റെ പരാജയത്തെ കുറിച്ച്‌ കെപിസിസി സമിതി അന്വേഷിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 

കെ.വി തോമസ് അദ്ധ്യക്ഷനായ സമിതിയില്‍ എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണനും ആണ് മറ്റംഗങ്ങള്‍. രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം നടത്തി സമിതി കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ കുറിച്ചും അന്വേഷണം നടത്തും. തിരുവനന്തപുരം എം.പി ശശി തരൂരാകും അന്വേഷണം നടത്തുക. ആവശ്യമെങ്കില്‍ സ്വകാര്യ ഏജന്‍സികളുടെ സഹായം തേടുമെന്നും മുല്ലപ്പള്ളി അറിയിച്ചു. 

ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളയിലുണ്ടായ ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ മുല്ലപ്പള്ളി വ്യക്തമാക്കി.

ആലപ്പുഴയില്‍ ഷാനിമോളുടെ പരാജയത്തിന് കാരണം ചില അടിയൊഴുക്കുകളാണെന്ന് നേരത്തെ പാര്‍ട്ടി വിലയിരുത്തിയിരുന്നു. പാര്‍ട്ടി വോട്ടുകളില്‍ ഒരു പങ്ക് മറിച്ചുനല്‍കിയതാണ് ഷാനിമോള്‍ തോല്‍ക്കാന്‍ കാരണമെന്നും ആരോപണം ഉയര്‍ന്നിരുന്നു.
19 സ്ഥാനാര്‍ഥികളും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ പതിനായിരം വോട്ടിനാണ് ഷാനിമോള്‍ പരാജയപ്പെട്ടത്. തന്‍റെ തോല്‍വി പാര്‍ട്ടി തന്നെ പരിശോധിക്കട്ടെ എന്നായിരുനു  ഷാനിമോളുടെ പ്രതികരണം.