സര്‍വകകക്ഷി യോഗം: മുല്ലപ്പള്ളി പങ്കെടുക്കില്ല

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ സര്‍ക്കാര്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല.

Sheeba George | Updated: Dec 28, 2019, 01:17 PM IST
സര്‍വകകക്ഷി യോഗം: മുല്ലപ്പള്ളി പങ്കെടുക്കില്ല

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ സര്‍ക്കാര്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല.

മുഖ്യമന്ത്രിയുമായുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് സൂചന. കൊടിക്കുന്നില്‍ സുരേഷാവും അദ്ദേഹത്തിന് പകരം യോഗത്തില്‍ എത്തുക.

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സി.പി.ഐ.എമ്മിന് ആത്മാര്‍ത്ഥത ഇല്ലെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം. പൗരത്വഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രതിഷേധത്തില്‍ സിപിഎമ്മുമായി സഹകരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിലവിലുള്ളത് ഭരണകൂട ഭീകരതയാണെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ താന്‍ പറയുന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുന്‍പ് എല്‍.ഡി.എഫും യു.ഡി.എഫും സംയുക്തമായി സത്യഗ്രഹ സമരം നടത്തിയിരുന്നു. ഇതിനെ എതിര്‍ത്ത് മുല്ലപ്പള്ളി രംഗത്തെത്തുകയായിരുന്നു.

ബെന്നി ബെഹ്നാനും കെ. മുരളീധരനും ഒന്നിച്ചുള്ള സമരത്തെ എതിര്‍ത്തപ്പോള്‍ വി.ഡി സതീശന്‍ സംയുക്ത സമരത്തെ പിന്തുണച്ചിരുന്നു. ഇതേത്തുടര്‍ന്ന് യുഡിഎഫിനുള്ളില്‍ മുല്ലപ്പള്ളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. 

എന്നാല്‍, കേരളത്തിലെ കാര്യങ്ങള്‍ കെ.പി.സി.സി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ഈ വിഷയത്തില്‍ കെ സി വേണുഗോപാല്‍ കൈക്കൊണ്ട നിലപാട്. വിഷയം വിവാദമായതോടെ സംയുക്ത സമരത്തിന് ഇല്ലെന്ന് രമേശ് ചെന്നിത്തലയും പിന്നീട് നിലപാടെടുത്തു. പൗരത്വ നിയമത്തിനെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഇന്ന് മഹാറാലിയും പ്രതിഷേധ സംഗമവും നടത്തുന്നുണ്ട്.

അതേസമയം, സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. നാളെ തിരുവനന്തപുരത്താണ് യോഗം നടക്കുക.  

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ വൻ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിൽ കേന്ദ്രനിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കണക്കെടുക്കും സംസ്ഥാനം നിര്‍ത്തി വെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത - സാമൂഹ്യസംഘടനകളുടെയും യോഗം വിളിച്ചു ചേര്‍ത്തത്. ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.

കേരളം ഉള്‍പ്പെടെ പന്ത്രണ്ടോളം സംസ്ഥാനങ്ങള്‍ ഇതിനോടകം പൗരത്വ രജിസ്റ്ററിനെതിരെ പ്രത്യക്ഷത്തിൽ നിലപാടെടുത്തിട്ടുണ്ട്.