പദവി വേണ്ടെന്ന് പറഞ്ഞ് ആദര്‍ശധീരര്‍,വെട്ടിലായി സ്ഥാന മോഹികള്‍!

കെപിസിസി പുന:സംഘടനയുമായി ബന്ധപെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുമ്പോള്‍ തങ്ങള്‍ക്ക് പദവികള്‍ വേണ്ടെന്ന നിലപാട് എടുത്തിരിക്കുകയാണ് വിഡി സതീശന്‍,ടി എന്‍ പ്രതാപന്‍,എപി അനില്‍ കുമാര്‍ എന്നിവര്‍.എംപി യായ ടിഎന്‍ പ്രതാപനും എംഎല്‍എ മാരായ വിഡി സതീശനും എപി അനില്‍ക്കുമാറിനും ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ച ഒരാള്‍ക്ക്‌ ഒരുപദവി എന്ന നിലപാടില്‍ യോജിപ്പാണ്.നിലവില്‍ സംസ്ഥാനത്തെ നേതാക്കള്‍  നല്‍കിയ ജംബോ പട്ടിക അംഗീകരിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായിട്ടില്ല.

Updated: Jan 23, 2020, 07:29 PM IST
പദവി വേണ്ടെന്ന് പറഞ്ഞ് ആദര്‍ശധീരര്‍,വെട്ടിലായി സ്ഥാന മോഹികള്‍!

ന്യുഡല്‍ഹി: കെപിസിസി പുന:സംഘടനയുമായി ബന്ധപെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുമ്പോള്‍ തങ്ങള്‍ക്ക് പദവികള്‍ വേണ്ടെന്ന നിലപാട് എടുത്തിരിക്കുകയാണ് വിഡി സതീശന്‍,ടി എന്‍ പ്രതാപന്‍,എപി അനില്‍ കുമാര്‍ എന്നിവര്‍.എംപി യായ ടിഎന്‍ പ്രതാപനും എംഎല്‍എ മാരായ വിഡി സതീശനും എപി അനില്‍ക്കുമാറിനും ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ച ഒരാള്‍ക്ക്‌ ഒരുപദവി എന്ന നിലപാടില്‍ യോജിപ്പാണ്.നിലവില്‍ സംസ്ഥാനത്തെ നേതാക്കള്‍  നല്‍കിയ ജംബോ പട്ടിക അംഗീകരിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായിട്ടില്ല.

ഇത്രയധികം ഭാരവാഹികള്‍ എന്തിനെന്ന ചോദ്യം നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായി.അതിന് പിന്നാലെയാണ് പ്രതാപനും അനില്‍ കുമാറും സതീശനും തങ്ങളുടെ നിലപാട് പരസ്യമായി പ്രകടിപ്പിച്ചത്.ഇതോടെ കോണ്‍ഗ്രസിന്‌ പുതിയ ആദര്‍ശധീരന്മാരെ ലഭിച്ചിരിക്കുകയാണ്. ഒരാള്‍ക്ക്‌ ഒരു പദവി എന്ന നിലപാട് ഉയര്‍ത്തി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ നീക്കത്തെ എതിര്‍ത്ത എ ഗ്രൂപ്പും ഐ ഗ്രൂപ്പും തങ്ങളുടെ നോമിനികളായി പല എംഎല്‍എ മാരെയും എംപി മാരെയും കൊണ്ട് വരുന്നതിന് നീക്കം നടത്തുകയും ചെയ്തു.എ ഗ്രൂപ്പ് ഒരാള്‍ക് ഒരു പദവിയെ അനുകൂലിക്കുന്ന നിലപാട് പിന്നീട് സ്വീകരിച്ചപ്പോള്‍ ഐ ഗ്രൂപ്പ് ഇതിനെ എതിര്‍ക്കുകയായിരുന്നു.

എന്നാല്‍ എംപിമാരായ കൊടിക്കുന്നില്‍ സുരേഷും ,കെ സുധാകരനും ഒരാള്‍ക്ക്‌ ഒരു പദവി എന്ന നിര്‍ദേശത്തെ എതിര്‍ത്ത് പരസ്യമായി രംഗത്ത് വരുകയും ചെയ്തു.ഇങ്ങനെ ഇവര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ സതീശനും പ്രതാപനും അനില്‍ക്കുമാറും നല്‍കിയിരിക്കുന്നത്.  ജംബോ പട്ടിക പാര്‍ട്ടി യെ പൊതുജന മധ്യത്തില്‍ അപഹാസ്യമാക്കുമെന്ന്‍ കരുതുന്നതായി വിഡി സതീശന്‍ എംഎല്‍ എ അഭിപ്രായ പെടുന്നത് തന്നെ സ്ഥാന മോഹികള്‍ക്കുള്ള സന്ദേശമാണ്.

ആദര്‍ശ ധീരതയോടെ മുന്നോട്ട് വന്നവര്‍ പദവികള്‍ക്ക് വേണ്ടി പിടിവലി നടത്തുന്നവര്‍ക്കും അവരെ സംരക്ഷിക്കുന്ന ഗ്രൂപ്പ് മാനേജര്‍മാര്‍ക്കുമൊക്കെ വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്.പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് ഭാരവാഹികളെ കണ്ടെത്തണമെന്ന അഭിപ്രായം പലപ്പോഴും കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ ഇടപെടലിനെ തുടര്‍ന്ന് നടക്കാതെ പോകുന്ന സാഹചര്യമാണ്.ഗ്രൂപ്പ് സമവാക്ക്യം,ജാതി മത സന്തുലിതാവസ്ഥ ഇതൊക്കെ പരിഗണിച്ചുകൊണ്ട് പട്ടിക തയ്യാറാക്കുമ്പോള്‍ ഭാരവാഹികളുടെ എണ്ണം കൂടുമെന്ന് പറയുന്ന നേതാക്കളും ഉണ്ട്.എന്തായാലും പാര്‍ട്ടി നേതാക്കളുടെ നിലപാടും  ഹൈക്കമാന്‍ഡ് നിര്‍ദേശവും തമ്മില്‍ ഒത്തുപോകാത്ത സാഹചര്യമാണ്.

എന്തായാലും പുന:സംഘടന എത്രയും പെട്ടെന്ന് വേണമെന്ന നിലപാടിലാണ് സംസ്ഥാനത്തെ നേതാക്കള്‍ എന്നാല്‍ എന്തിനാണ് ഇത്രയധികം ഭാരവാഹികള്‍ എന്ന ചോദ്യം ഹൈക്കമാന്‍ഡ്  ചോദിക്കുന്നുമുണ്ട്.എത്ര സമയം എടുത്തായാലും അര്‍ഹതയുള്ളവരെ ഉള്‍പെടുത്തി ഭാരവാഹി പട്ടിക തയ്യാറാക്കണം എന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.എന്നാല്‍ കേരളത്തിലെ നേതാക്കള്‍ക്കാകട്ടെ ഇതുവരെ ഭാരവാഹികളുടെ കാര്യത്തില്‍ യാതൊരു ധാരണയിലും എത്തുന്നതിന് കഴിഞ്ഞിട്ടില്ല എന്നതാണ് നിലവിലെ ചര്‍ച്ചകളില്‍ നിന്ന് തന്നെ വ്യക്തമാകുന്നത്. നേതാക്കള്‍ ധാരണയില്‍ എത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ കെപിസിസി ഭാരവാഹികളെ ഇതിനോടകം പ്രഖ്യാപിക്കാന്‍ കഴിയുമായിരുന്നു.എന്തായാലും നേതാക്കളുടെ ഡല്‍ഹി ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുതിയ ആദര്‍ശധീരന്മാരുടെ ഉദയത്തിന് കാരണമായെന്ന് തന്നെ പറയാം.