EV Charging: ഇലക്ട്രിക് വാഹനം ചാർജ് ചെയ്യണോ? ഈ സമയത്ത് ചെയ്താൽ 30 ശതമാനം ഇളവെന്ന് കെഎസ്ഇബി

EV Charging: ഈ ഇളവുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നെന്നും കെഎസ്ഇബി അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : May 19, 2025, 09:42 PM IST
  • ഇലക്ട്രിക് വാഹന ചാർജ്ജിംഗ് സ്റ്റേഷനുകളിലെ നിരക്കുകൾ പുതുക്കിയിരിക്കുകയാണ് കെഎസ്ഇബി.
  • പകൽ സമയത്ത് വാഹനങ്ങൾ ചാർജ് ചെയ്താൽ 30 ശതമാനം ഇളവുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.
  • ഈ ഇളവുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നെന്നും കെഎസ്ഇബി അറിയിച്ചു.
EV Charging: ഇലക്ട്രിക് വാഹനം ചാർജ് ചെയ്യണോ? ഈ സമയത്ത് ചെയ്താൽ 30 ശതമാനം ഇളവെന്ന് കെഎസ്ഇബി
ഇപ്പോൾ നിരത്തുകളിൽ നിറയെ ഇലക്ട്രിക് വാഹനങ്ങളാണ് കാണാറുള്ളത്. ഇലക്ട്രിക് വാഹന ചാർജ്ജിംഗ് സ്റ്റേഷനുകളിലെ നിരക്കുകൾ പുതുക്കിയിരിക്കുകയാണ് കെഎസ്ഇബി. പകൽ സമയത്ത് വാഹനങ്ങൾ ചാർജ് ചെയ്താൽ 30 ശതമാനം ഇളവുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. ഈ ഇളവുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നെന്നും കെഎസ്ഇബി അറിയിച്ചു. സൗരോര്‍ജ്ജം ലഭ്യമായ പകല്‍‍ സമയത്ത് വൈദ്യുത വാഹന ചാര്‍‍ജ്ജിംഗ് പ്രോത്സാഹിപ്പിച്ച് വൈകുന്നേരത്തെ അമിത ഉപയോഗം തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിരക്ക് കെഎസ്ഇബി പുറത്തിറക്കിയത്.
 
കെഎസ്ഇബിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:
 
കെ എസ് ഇ ബിയുടെ വൈദ്യുത വാഹന ചാര്‍‍ജ്ജിംഗ് സ്റ്റേഷനുകളില്‍ പുതുക്കിയ നിരക്കുകള്‍‍ പ്രാബല്യത്തില്‍ വന്നു.  സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ 05.12.2024-ലെ താരിഫ് ഉത്തരവും കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ നിര്‍‍ദ്ദേശങ്ങളും അനുസരിച്ചുള്ള നിരക്കുകളാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍‍ പ്രാബല്യത്തില്‍‍ വന്നത്. സൗരോര്‍‍ജ്ജ വൈദ്യുതി സുലഭമായ പകല്‍‍ സമയത്ത് വൈദ്യുത വാഹന ചാര്‍‍ജ്ജിംഗ് പ്രോത്സാഹിപ്പിച്ച് വൈകുന്നേരത്തെ അമിത ഉപയോഗം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിരക്ക് നടപ്പാക്കിയത്. രാവിലെ ഒമ്പതു മുതല്‍‍ വൈകീട്ട് നാലുവരെ സൌര മണിക്കൂറും ബാക്കി സമയം സൌരേതര മണിക്കൂറുമായി തരം തിരിച്ചുള്ള ടൈം ഓഫ് ഡേ (ടിഒഡി) രീതിയിലാണ് നിരക്കുകള്‍‍. സൌര മണിക്കൂറില്‍ 30 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ വാഹനങ്ങള്‍ ചാര്‍‍ജ്ജ് ചെയ്യാം.  വൈകീട്ട് നാലു മുതല്‍‍ അടുത്ത ദിവസം രാവിലെ ഒമ്പതു വരെ 30 ശതമാനം അധിക നിരക്കായിരിക്കും ഈടാക്കുക. 
 
പകല്‍ സമയം സൌരോര്‍‍ജ്ജവൈദ്യുതികൂടി പ്രയോജനപ്പെടുത്താനാകുന്നതിന്റെ അനുകൂല്യം വാഹന ഉടമകള്‍‍ക്ക് ലഭ്യമാക്കണമെന്ന് സംസ്ഥാന വൈദുതി റെഗുലേറ്ററി കമ്മീഷന്‍‍ നിര്‍‍‍ദ്ദേശിച്ചിരുന്നു. ചാജിംഗിന് പൊതുനിരക്ക് യൂണിറ്റിന് 7.15 രൂപയാണ്. സൌര മണിക്കൂറില്‍‍‍‍ 30 ശതമാനം കുറഞ്ഞ് അഞ്ച് രൂപയും സൌരേതര മണിക്കൂറുകളില്‍ 9.30 രൂപയുമായിരിക്കും  (30 ശതമാനം കൂടുതല്‍) ഈടാക്കുക.  ഇതിനോടൊപ്പം ഡ്യൂട്ടിയും കേന്ദ്ര വൈദ്യുതി മന്ത്രാലയം നിര്‍‍ദ്ദേശിച്ച സര്‍‍വീസ് ചാര്‍‍ജ്ജും 18 ശതമാനം ജി.എസ്.ടി.യും നല്‍കേണ്ടി വരും. ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന സാധാരണക്കാര്‍‍ക്ക് പകല്‍‍ സമയത്തെ ചാർജിംഗ് ലാഭകരമാകുന്ന രീതിയിലാണ് പുതിയ പരിഷ്കാരം. 
 

Add Zee News as a Preferred Source

 
രാത്രിയില്‍‍ കൂടുതല്‍‍ വാഹനങ്ങള്‍‍ ചാര്‍‍ജ്ജ് ചെയ്താല്‍‍ സൌരോര്‍‍ജ്ജം പോലുള്ള ഹരിത സ്രോതസ്സുകള്‍‍ ഉപയോഗപ്പെടുത്താനാകില്ല.  ഇത് കാര്‍ബണ്‍‍ ബഹിര്‍‍ഗമനം വര്‍ദ്ധിപ്പിക്കും. ഇത് ഒഴിവാക്കിക്കൊണ്ട് ഹരിത ഗതാഗതം അതിന്റെ യഥാര്‍‍ത്ഥ ലക്ഷ്യം നേടുന്ന രീതിയില്‍ നടപ്പാക്കുകയാണ് പുതിയ രീതിയിലൂടെ ഉദ്ദേശിക്കുന്നത്. എസി ടൈപ്പ് ചാര്‍‍ജ്ജറില്‍ രാവിലെ 9.00 മുതല്‍ വൈകീട്ട് 4.00 വരെ  8.5 + ജി.എസ്.ടി.(18%) രൂപയും, വൈകീട്ട് 4.00 മുതല്‍ രാവിലെ 9.00 വരെ 14.23 + ജി.എസ്.ടി.(18%) രൂപയും, ഡി.സി. ചാര്‍‍ജ്ജറില്‍‍ രാവിലെ 9.00 മുതല്‍ വൈകീട്ട് 4.00 വരെ 16.5 + ജി.എസ്.ടി.(18%) രൂപയും, വൈകീട്ട് 4.00 മുതല്‍ രാവിലെ 9.00 വരെ 23.23 + ജി.എസ്.ടി.(18%) രൂപയും ആയിരിക്കും പുതിയ നിരക്കനുസരിച്ച് വരിക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News