കൂടത്തായി കൊലപാതക പരമ്പര: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പ്രതികളെ ഇന്ന്‍ ഹാജരാക്കാന്‍ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരുന്നു.   

Last Updated : Oct 10, 2019, 08:34 AM IST
കൂടത്തായി കൊലപാതക പരമ്പര: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന്‍ പരിഗണിക്കും. 

പ്രതികളെ ഇന്ന്‍ ഹാജരാക്കാന്‍ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. 

അതിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യപ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ ഇന്നു രാവിലെ പത്തുമണിയോടെ കോടതിയില്‍ ഹാജരാക്കും. 

വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പ്രതികളെ പതിനൊന്നു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാണ് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. 

ജോളി മാനസിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ കസ്റ്റഡിയിലേയ്ക്ക് പ്രതികളെ വിട്ടുകിട്ടുമോയെന്ന് പൊലീസിന് സംശയമുണ്ട്‌. 

കേസിലെ പ്രതി മാത്യു നല്‍കിയിരിക്കുന്ന ജാമ്യാപേക്ഷയും കോടതി ഇന്നു പരിഗണിക്കുമെന്നാണ് സൂചന. താന്‍ കുറ്റം ചെയ്തിട്ടില്ലയെന്നും തന്നെ മനപൂര്‍വ്വം കുടുക്കുകയായിരുന്നുവെന്നുമാണ് മാത്യു പറയുന്നത്. 

പ്രതിയായ ജോളി മറ്റ് ചിലരേയും വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. എന്തായാലും പ്രതികളുടെ കാര്യത്തില്‍ കോടതി എന്തു തീരുമാനിക്കുമെന്ന് ഇന്നറിയാം.  

കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. 

ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിഞ്ഞത്. അറസ്റ്റ് ഇവരില്‍ മാത്രം ഒതുങ്ങില്ലെന്ന്‍ അന്നേ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 

2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍. 

2008-ല്‍ ടോം തോമസ്, 2011ല്‍ റോയി തോമസ്, 2014-ല്‍ അന്നമ്മയുടെ സഹോദരൻ മാത്യു, അതിനുശേഷം ടോം തോമസിന്‍റെ സഹോദരപുത്രന്‍റെ മകള്‍ അല്‍ഫോന്‍സ, ഒടുവില്‍ 2016ല്‍ സഹോദര പുത്രന്‍റെ ഭാര്യ സിലി എന്നിവരാണ്‌ കൊല്ലപ്പെട്ടത്.

Trending News