CAA മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല! പള്ളികളില്‍ ഇടയലേഖനം...

ഞായറാഴ്ച കുര്‍ബാന മധ്യേ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഇടയലേഖനം വായിച്ച്‌ ലത്തീന്‍ സഭ. പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധവും മതേതര ജനാധിപത്യ സങ്കല്‍പ്പത്തിന് എതിരുമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. 

Updated: Jan 26, 2020, 12:47 PM IST
CAA മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല! പള്ളികളില്‍ ഇടയലേഖനം...

തിരുവനന്തപുരം: ഞായറാഴ്ച കുര്‍ബാന മധ്യേ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഇടയലേഖനം വായിച്ച്‌ ലത്തീന്‍ സഭ. പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധവും മതേതര ജനാധിപത്യ സങ്കല്‍പ്പത്തിന് എതിരുമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. 

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്‌ ഭരണഘടനയുടെ ആമുഖം വായിച്ച ശേഷമാണ് വിവിധ പള്ളികളില്‍ ഇടയലേഖനം വായിച്ചത്. രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ നടക്കുന്നതെന്ന് സഭയുടെ ഇടയലേഖനത്തില്‍ പറയുന്നു.

മതേതര ഇന്ത്യയ്ക്കായി ഭരണഘടന സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടത്തിന് ഇറങ്ങണമെന്നും ഭാരത് മാതാ കീ ജയ് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും ലേഖനത്തില്‍ പറയുന്നു. ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല, രാജ്യത്തെ സര്‍വജനങ്ങളുടെയും പ്രശ്‌നമാണെന്നും ലേഖനത്തിലുണ്ട്.

പൗരത്വ നിയമ ഭേദഗതിയുടെ ആന്തരിക അര്‍ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെ പ്രസ്താവനകളും വിലയിരുത്തുമ്ബോള്‍ മതരാഷ്ട്രത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും ലത്തീന്‍ കത്തോലിക്ക സഭയുടെ ലേഖനത്തില്‍ പറയുന്നു.

ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളന തീരുമാനമനുസരിച്ച് ജനുവരി 26ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാറുണ്ട്. 

എറണാകുളം ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്ബിലും തിരുവനന്തപുരത്ത് ആര്‍ച്ച്‌ ബിഷപ്പ് ഡോ. സുസേപാക്യവും ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. കേരളത്തില്‍ ലൗജിഹാദെന്ന് ആവര്‍ത്തിച്ച് കഴിഞ്ഞ ഞായറാഴ്ച സീറോ മലബാർ സഭ ഇടയലേഖനം വായിച്ചിരുന്നു. 

സിനഡ് തീരുമാനം അറിയിക്കുന്നതിന്‍റെ ഭാഗമായി സീറോ മലബാർ സഭയുടെ കീഴിലുള്ള പള്ളികളിൽ വായിച്ച ഇടയലേഖനത്തിലാണ് ലൗജിഹാദിനെ കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിച്ചത്. 

ഇടയലേഖനത്തിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ എന്ന ഭാഗത്തിലാണ് ലൗ ജിഹാദ് പരാമർശിച്ചിരുന്നത്. 

വര്‍ധിച്ച് വരുന്ന ലൗജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നുവെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. 

മതസൌഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ദുരുദ്ദേശപരമായ മതാന്തരപ്രണയങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് ഇടയലേഖനം പറയുന്നു.

ഇതിനെതിരെ അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലൗജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കുമെന്നും ഇടയലേഖനത്തില്‍ പറഞ്ഞിരുന്നു.