പാലായില്‍ എല്‍ഡിഎഫ് പ്രചാരണം ഇന്ന് തുടങ്ങും

ഇത്തവണ പാലാ പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മാണി സി കാപ്പന്‍.   

Last Updated : Aug 29, 2019, 08:05 AM IST
പാലായില്‍ എല്‍ഡിഎഫ് പ്രചാരണം ഇന്ന് തുടങ്ങും

പാലാ: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ഇന്ന് പ്രചാരണം ആരംഭിക്കും. 

വൈകീട്ട് നാലിന് എത്തുന്ന മാണി സി കാപ്പന്‍ ആദ്യം മണ്ഡലത്തിലെ പ്രമുഖരെ കാണും അതിനുശേഷം ഇടത് മുന്നണിയുടെ ജില്ലാ നിയോജക മണ്ഡലം യോഗം ചേര്‍ന്ന് പ്രചാരണ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. ശനിയാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇത്തവണ പാലാ പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മാണി സി കാപ്പന്‍. ജോസ് കെ മാണി എതിരാളിയായാല്‍ ജയം എളുപ്പമാണെന്നും ജോസ് കെ മാണിയോട് ജനങ്ങള്‍ക്കുള്ള സഹതാപ തരംഗം ഇനി ഉണ്ടാകില്ലയെന്നും പകരം ജനം പുച്ഛിച്ച് തള്ളുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

തോമസ് ചാണ്ടി, പീതാംബരന്‍ മാസ്റ്റര്‍, എ.കെ ശശീന്ദ്രന്‍ എന്നിവരടങ്ങുന്ന മൂന്നംഗ തിരഞ്ഞെടുപ്പ് സമിതിയാണ് മാണി സി കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇടത് മുന്നണിയെ അറിയിച്ചത്. 

സെപ്റ്റംബര്‍ നാലിന് പാലായില്‍ ഇടതുമുന്നണി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നടത്തും. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

അതേസമയം വിജ്ഞാപനം പ്രാബല്യത്തില്‍ വന്നിട്ടും കേരളാ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാകാതെ പ്രതിസന്ധിയിലാണ്. ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചതോടെയാണ് സമവായ സാധ്യതകള്‍ മങ്ങിയത്. 

മാണി കുടുംബത്തില്‍ നിന്നുള്ളവരുടെ പേര് ഉയര്‍ന്നു വന്നാല്‍ ശക്തമായി എതിര്‍ക്കാനാണ് ജോസഫ് പക്ഷത്തിന്‍റെ നീക്കം. ഇരു വിഭാഗങ്ങളിലുമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് നേതൃത്വം.  

എന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി പ്രതികരിച്ചിരുന്നു. എന്തായാലും ഇരു വിഭാഗങ്ങളും ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നാല്‍ അത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

പാലായില്‍ സെപ്റ്റംബര്‍ 23 ന് ആണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 27 നും.

Trending News