Leader VD Satheesan: കോണ്‍ഗ്രസിലും യുഡിഎഫിലും ഇനി സതീശന്‍ യുഗം! എതിരാളികളെ അസ്തപ്രജ്ഞരാക്കി മുന്നോട്ട്...

Leader VD Satheesan: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ മിന്നും വിജയത്തോടെ യുഡിഎഫിന്റെ കടിഞ്ഞാൺ പൂർണമായും വിഡി സതീശന്റെ കൈപ്പിടിയിലേക്ക് വന്നിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jun 23, 2025, 05:49 PM IST
  • പ്രതിപക്ഷ നേതാവായതിന് ശേഷം ഉപതിരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനം
  • സിറ്റിങ് സീറ്റുകളിൽ എല്ലാം ഭൂരിപക്ഷം പലമടങ്ങ് വർദ്ധിപ്പിക്കാനായി
  • എൽഡിഎഫ് കോട്ടയിൽ അവരുടെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കാനും കഴിഞ്ഞു
Leader VD Satheesan: കോണ്‍ഗ്രസിലും യുഡിഎഫിലും ഇനി സതീശന്‍ യുഗം! എതിരാളികളെ അസ്തപ്രജ്ഞരാക്കി മുന്നോട്ട്...

കേരളത്തില്‍ ഇനി യുഡിഎഫിലെ അവസാന വാക്ക് ആരായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. ആ ഉത്തരം വിഡി സതീശന്‍ എന്നായിരിക്കും. പ്രതിപക്ഷ നേതാവായതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലും ഒന്നൊഴികെയുള്ള ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനേയും യുഡിഎഫിനേയും വിജയത്തിലേക്ക് നയിച്ചു എന്ന ക്രെഡിറ്റുമായിട്ടായിരിക്കും ഇനി വിഡി സതീശന്റെ അശ്വമേധം.

കെപിസിസി തലപ്പത്ത് നിന്ന് കെ സുധാകരനെ നീക്കി സണ്ണി ജോസഫിനെ നിയമിച്ചതോടെ തന്നെ സതീശന്‍ കേരളത്തിലെ യുഡിഎഫ്, കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അപ്രമാദിത്തം പ്രകടിപ്പിച്ചുകഴിഞ്ഞിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പായിരുന്നു സതീശന്റെ ലിറ്റ്മസ് ടെസ്റ്റ്. ഈ പരീക്ഷണത്തില്‍ കൂടി വിജയിച്ചതോടെ സതീശന്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയില്ലാത്ത നേതാവായി മാറിക്കഴിഞ്ഞു.

ഏകപക്ഷീയമായിരുന്നു പലപ്പോഴും സതീശന്റെ നിലപാടുകള്‍. ചില സമയങ്ങളില്‍ കോണ്‍ഗ്രസിലെ മറ്റ് നേതാക്കളും ഘടകക്ഷികളിലെ നേതാക്കളും പോലും അതില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍, അതൊന്നും തിരുത്താന്‍ സതീശന്‍ തയ്യാറായില്ല. നിലമ്പൂരില്‍ പ്രത്യേകിച്ചും...

പിവി അന്‍വറിനെ യുഡിഎഫിനൊപ്പം നിര്‍ത്തുക എന്നതായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടേയും മുസ്ലീം ലീഗ് നേതാക്കളുടേയും എല്ലാം താത്പര്യം. എന്നാല്‍ കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ തനിക്കനുസരിച്ച് വേണം എന്ന് അന്‍വര്‍ വാശിപിടിച്ചപ്പോള്‍ സതീശന്‍ കര്‍ക്കശക്കാരനായി. അന്‍വറിനെ കറിവേപ്പില എന്ന പോലെ എടുത്ത് മാറ്റിനിര്‍ത്തുകയും ചെയ്തു. പാര്‍ട്ടിയ്ക്കുള്ളിലും മുന്നണിയ്ക്കുള്ളിലും ഇതില്‍ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നു. എന്നാല്‍ സതീശന്‍ വഴങ്ങിയില്ല. ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സതീശന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ലെന്ന് തെളിയുകയും ചെയ്തു.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ചതായിരുന്നു മറ്റൊരു വിഷയം. മുസ്ലീം ലീഗ് ഇപ്പോഴും അതിശക്തമായി എതിര്‍ക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. ഇത്തരത്തില്‍ പരസ്യ പിന്തുണ സ്വീകരിക്കുന്നതിലും വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്ക് സ്വീകാര്യത നല്‍കുന്നതിലും മുസ്ലീം ലീഗിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ സതീശന്‍ അതിനേയും വിലവച്ചില്ല. എല്‍ഡിഎഫിന്റെ പ്രധാന പ്രചാരണായുധം പോലും യുഡിഎഫിന്റെ ജമാ അത്തെ ഇസ്ലാമി ബാന്ധവും ആയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ അതും പ്രതിഫലിച്ചില്ല. ചുരുക്കിപ്പറഞ്ഞാല്‍ മുന്നണിയ്ക്കുള്ളിലും പാര്‍ട്ടിയ്ക്കുള്ളിലും വിഡി സതീശന്‍ എന്ന നേതാവെടുത്ത നിലപാടുകള്‍ വിജയിച്ചു.

2021 ല്‍ രമേശ് ചെന്നിത്തലയ്ക്ക് ശേഷം ആണ് വിഡി സതീശന്‍ പ്രതിപക്ഷ നേതാവിന്റെ കുപ്പായം അണിയുന്നത്. അതിന് ശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പ് പിടി തോമസിന്റെ മരണത്തെത്തുടര്‍ന്ന് നടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പായിരുന്നു. പിടി തോമസിന്റെ ഭാര്യ ഉമ തോമസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍, 2021 ല്‍ പിടി തോമസ് നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തിലായിരുന്നു വിജയം. വിഡി സതീശനും കെപിസിസി പ്രസിഡന്റ് ആയിരുന്ന കെ സുധാകരനും ഒരുമിച്ച് അവകാശപ്പെടാവുന്ന വിജയം ആയിരുന്നു അത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്നായിരുന്നു രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഭൂരിപക്ഷത്തില്‍ മാത്രം വന്നത് നാലിരട്ടിയോളം വര്‍ദ്ധന. പിന്നീട് നടന്നത് പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളായിരുന്നു. ഷാഫി പറമ്പിലും കെ രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്തതിനെ തുടര്‍ന്നായിരുന്നു ഈ തിരഞ്ഞെടുപ്പുകള്‍. പാലക്കാട് ഷാഫിയ്ക്ക് പകരം എത്തിയത് സതീശന ഏറെ പ്രിയപ്പെട്ട രാഹുല്‍ മാങ്കൂട്ടം. 2021 ല്‍ ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം വെറും 3,859 ആയിരുന്നെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടം സ്വന്തമാക്കിയത് 18,840 വോട്ടിന്റെ ഭൂരിപക്ഷം. ഏതാണ്ട് അഞ്ചിരട്ടിയോളം വര്‍ദ്ധന.

ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മാത്രമാണ് കോണ്‍ഗ്രസിനും യുഡിഎഫിനും വിഡി സതീശനും വിജയം എത്തിപ്പിടിക്കാന്‍ ആകാതെ പോയത്. മറ്റ് മൂന്ന് മണ്ഡലങ്ങളും യുഡിഎഫ് മണ്ഡലങ്ങളായിരുന്നു. എല്‍ഡിഎഫിന്റെ കോട്ടയായ ചേലക്കരയില്‍ മുന്‍ എംപി രമ്യ ഹരിദാസിനെ ആയിരുന്നു കോണ്‍ഗ്രസ് ഇറക്കിയത്. എന്നാല്‍ സിപിഎമ്മിന്റെ യുആര്‍ പ്രദീപിന് മുന്നില്‍ രമ്യ അടിയറവ് പറഞ്ഞു. കെ രാധാകൃഷ്ണന്‍ മത്സരിച്ചപ്പോള്‍ 39,400 വോട്ടിന്റെ ഭൂരിപക്ഷം ആയിരുന്നു ചേലക്കരയില്‍ സിപിഎമ്മിന് ഉണ്ടായിരുന്നത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ഇത് വെറും 12,201 വോട്ടുകളായി കുറഞ്ഞു. ചേലക്കരയില്‍ വേണമെങ്കില്‍ ഇതിനെ യുഡിഎഫ് വിജയം എന്ന് വിശേഷിപ്പിക്കുകയും ചെയ്യാം.

2026 ലെ തിരഞ്ഞെടുപ്പില്‍ ആരെ മുന്‍നിര്‍ത്തിയാകും കോണ്‍ഗ്രസും യുഡിഎഫും തിരഞ്ഞെടുപ്പിനെ നേരിടുക എന്നത് ഈ കണക്കുകളും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ചരിത്രവും വ്യക്തമാക്കുന്നുണ്ട്. വിഡി സതീശന്‍ ഇപ്പോള്‍ നിലനിര്‍ത്തിപ്പോരുന്ന ലീഡര്‍ പദവിയിലേക്ക് രമേശ് ചെന്നിത്തല അടക്കമുള്ള മറ്റ് നേതാക്കള്‍ക്ക് ഇനിയൊരു കടന്നുവരവ് എളുപ്പമല്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News