കെ.സുരേന്ദ്രന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രതിനിധി: അമിത് ഷാ

കനത്ത മഴ കാരണം റോഡ്‌ ഷോയ്ക്ക് ശേഷം നടത്താനിരുന്ന പൊതുയോഗം ഉപേക്ഷിച്ചിരുന്നു.  

Last Updated : Apr 21, 2019, 07:42 AM IST
കെ.സുരേന്ദ്രന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രതിനിധി: അമിത് ഷാ

പത്തനംതിട്ട: ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രതിനിധിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെന്ന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പത്തനംതിട്ടയില്‍ നടന്ന എന്‍ഡിഎയുടെ റോഡ്‌ ഷോയ്ക്കിടെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

കനത്ത മഴ കാരണം റോഡ്‌ ഷോയ്ക്ക് ശേഷം നടത്താനിരുന്ന പൊതുയോഗം ഉപേക്ഷിച്ചിരുന്നു. മഴയെ അവഗണിച്ച് ആയിരകണക്കിന് പ്രവര്‍ത്തകരാണ് പത്തനംതിട്ടയില്‍ ബിജെപി അദ്ധ്യക്ഷന്‍റെ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്.

വൈകിട്ട് നാലുമണിക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്ന് റോഡ് ഷോ ആരംഭിച്ചു. അരമണിക്കൂറിന് ശേഷം പുതിയ ബസ്റ്റാന്‍ഡിന് സമീപമുള്ള സമ്മേളന സ്ഥലത്തേക്ക് എത്തുന്ന തരത്തിലാണ് റോഡ് ഷോ ആസൂത്രണം ചെയ്തത്.

എന്നാല്‍ പ്രവര്‍ത്തകരുടെ വലിയ തിരക്ക് കാരണം അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിന് വളരെ സാവധാനത്തിലേ സഞ്ചരിക്കാൻ സാധിച്ചുള്ളൂ.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാ‍ർത്ഥി കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധൻ പിള്ള, ജനപക്ഷം നേതാവ് പിസി ജോർജ്, മുൻ ക്രിക്കറ്റ് താരവും ബിജെപി പ്രവർത്തകനുമായ ശ്രീശാന്ത് എന്നിവരും റോഡ് ഷോയിൽ പങ്കെടുത്തു. 

7 നിയമസഭാ മണ്ഡലത്തിൽ നിന്നും റോഡ്ഷോയിൽ വൻതോതിൽ പ്രവർത്തകരെ  അണിനിരത്താൻ ബിജെപി നേതൃത്വത്തിന് ആയി. മഴ കനത്തതോടെ പുതിയ ബസ്റ്റാൻറ് പരിസരത്തെ പൊതുയോഗം ഉപേക്ഷിച്ച് അമിത് ഷാ മടങ്ങി. മഴ കാരണം ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പര്യടനത്തിലും അമിത് ഷാ പങ്കെടുത്തില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പത്തനംതിട്ടയിൽ എത്തിക്കാൻ ബിജെപി ശ്രമിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ കാരണം അത് നടന്നിരുന്നില്ല. രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായി വിജയനുമടക്കം നിരവധി പ്രധാനപ്പെട്ട നേതാക്കൾ പ്രചാരണത്തിന് എത്തിയിരുന്നു. 

എന്തായാലും കടുത്ത ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയില്‍ ആര്‍ക്കായിരിക്കും വിജയമെന്ന് കാത്തിരുന്നു കാണാം.

Trending News