ഒടുവില്‍ പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; 4 സീറ്റുകള്‍ തര്‍ക്കത്തില്‍

4 സീറ്റിന്റെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര എന്നീ മണ്ഡലങ്ങളാണ് ആണ് തര്‍ക്കത്തില്‍ കിടക്കുന്നത്.  

Last Updated : Mar 17, 2019, 08:21 AM IST
ഒടുവില്‍ പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; 4 സീറ്റുകള്‍ തര്‍ക്കത്തില്‍
ന്യൂഡല്‍ഹി: രൂക്ഷമായ തര്‍ക്കങ്ങള്‍ക്കും ഗ്രൂപ്പ് പോരിനുമിടെ കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായത്. 
 
പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 4 സീറ്റിന്റെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര എന്നീ 
മണ്ഡലങ്ങളാണ് ആണ് തര്‍ക്കത്തില്‍ കിടക്കുന്നത്.
 
ആദ്യം വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചിരുന്നതെങ്കിലും പിന്നീട് വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും മാറ്റിവയ്ക്കുകയായിരുന്നു.
 
എറണാകുളത്ത് കെ വി തോമസിന് സീറ്റ് നിഷേധിച്ചത് ആദ്യഘട്ട പട്ടികയിലെ അപ്രതീക്ഷിത തീരുമാനമായി പകരം ഹൈബി ഈഡന്‍ എംഎല്‍എ ആണ് എറണാകുളം മണ്ഡലത്തില്‍ 
യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആലത്തൂരില്‍ പികെ ബിജുവിനെതിരെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയാകും. 
 
കേരളത്തിലെ കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഒറ്റ ഘട്ടമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതിരിക്കുന്നത്. കോണ്‍ഗ്രസിന് ഏറ്റവും വിജയ സാധ്യത കണക്കാക്കുന്ന വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കണമെന്ന് കഴിഞ്ഞ ദിവസം സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. 
 
എന്നാല്‍ വയനാട് ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റാണെന്നും ഷാനിമോള്‍ ഉസ്മാനോ കെപി അബ്ദുള്‍ മജീദിനോ സീറ്റ് നല്‍കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഒടുവില്‍ കെ മുരളീധരന്‍ എംഎല്‍എയും വയനാട് സീറ്റിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. വയനാട് സീറ്റിനെ ചൊല്ലി കടുത്ത ഗ്രൂപ്പ് തര്‍ക്കം ഇപ്പോഴും തുടരുകയാണ്.
 
വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറുമായ വിദ്യാ ബാലകൃഷ്ണനെ ആദ്യഘട്ടത്തില്‍ പരിഗണിച്ചതില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായി. 
 
ഇടത് സ്ഥാനാര്‍ത്ഥിയായി ശക്തനായ പി ജയരാജന്‍ മത്സരിക്കുന്ന വടകരയില്‍ കരുത്തരായ സീനിയര്‍ നേതാക്കള്‍ ആരെങ്കിലും മത്സരിക്കണമെന്നാണ് ആവശ്യം. തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഈ ആവശ്യം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ ഇനിയും തീരുമാനം ആയിട്ടില്ല.
 
ഏറെ ചര്‍ച്ചയായെങ്കിലും ഉമ്മന്‍ചാണ്ടി അടക്കം മുതിര്‍ന്ന നേതാക്കളൊന്നും പട്ടികയിലില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സംഘടാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. കെവി തോമസ് ഒഴികെയുള്ള സിറ്റിംഗ് എംപിമാരെ എല്ലാവരേയും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
 
12 സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക 
 
തിരുവനന്തപുരം : ശശി തരൂര്‍
മാവേലിക്കര : കൊടിക്കുന്നില്‍ സുരേഷ്
പത്തനംതിട്ട : ആന്റോ ആന്റണി
എറണാകുളം : ഹൈബി ഈഡന്‍
ഇടുക്കി : ഡീന്‍ കുര്യാക്കോസ്
തൃശൂര്‍ : ടി എന്‍ പ്രതാപന്‍
ചാലക്കുടി : ബെന്നി ബെഹ്നാന്‍
ആലത്തൂര്‍ : രമ്യ ഹരിദാസ്
പാലക്കാട് : വി കെ ശ്രീകണ്ഠന്‍
കോഴിക്കോട് : എം കെ രാഘവന്‍
കണ്ണൂര്‍ :  കെ സുധാകരന്‍
കാസര്‍കോട് : രാജ്‌മോഹന്‍ ഉണ്ണിത്താന്‍
 
കേരളത്തിന് പുറമേ ഉത്തര്‍പ്രദേശിലെ ഏഴ് മണ്ഡലങ്ങളിലും ഛത്തീസ്ഗഢിലെ അഞ്ച് മണ്ഡലങ്ങളിലും അരുണാചല്‍ പ്രദേശിലെ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളെ 
പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ ആന്‍ഡമാന്‍ നിക്കോബാറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനവും ഇന്നലെ അര്‍ധരാത്രിയോടെ പൂര്‍ത്തിയായി. 
 
 

Trending News