തിരഞ്ഞെടുപ്പ് ചൂടില്‍ ആലപ്പുഴ; ഇനി പോരാട്ടത്തിന്‍റെ നാളുകള്‍

ആരിഫും ഷാനിമോളും മത്സരരംഗത്ത് അനുഭവങ്ങള്‍ ഏറെയുള്ളവരാണെങ്കില്‍ രാധാകൃഷ്ണന്‍ പുതുമുഖവും.   

Updated: Mar 26, 2019, 05:07 PM IST
തിരഞ്ഞെടുപ്പ് ചൂടില്‍ ആലപ്പുഴ; ഇനി പോരാട്ടത്തിന്‍റെ നാളുകള്‍

ആലപ്പുഴ: മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ നിരന്നതോടെ ആലപ്പുഴയില്‍ ഇനി കടുത്ത പോരാട്ടത്തിന്റെ നാളുകളാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എം.ആരിഫാണ് ആദ്യം ഗോദയിലിറങ്ങിയതെങ്കിലും പിന്നാലെയെത്തിയ ഷാനിമോളും, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണനും കച്ചമുറുക്കിയതോടെ ത്രികോണ മത്സരത്തിന്റെ ചൂടിലേക്ക് മണ്ഡലം മാറുകയാണ്.

ഇനിയുള്ള ദിവസങ്ങളില്‍ മണ്ഡലം ഇളക്കിയുള്ള പ്രചാരണത്തിനാണ് ബി.ജെ.പി ഇറങ്ങുന്നത്. ആരിഫും ഷാനിമോളും മത്സരരംഗത്ത് അനുഭവങ്ങള്‍ ഏറെയുള്ളവരാണെങ്കില്‍ രാധാകൃഷ്ണന്‍ പുതുമുഖവും. 

ആരിഫ് മൂന്ന് തവണ അരൂറില്‍ മത്സരിച്ച് ജയിച്ചതിന്റെ പാഠങ്ങളില്‍ നിന്നാണ് പാര്‍ലമെന്റിലേക്ക് പയറ്റുന്നത്. ഷാനിമോള്‍ ഒറ്റപ്പാലത്തു നിന്നും പെരുമ്പാവൂരില്‍ നിന്നും നിയമ സഭയിലേക്ക് മത്സരിച്ചതിന്റെ പരിചയ സമ്പത്തുമായാണ് പോരാട്ടം നടത്തുന്നത്. 

തിരഞ്ഞെടുപ്പിന്‍റെ തത്വശാസ്ത്രം കണ്ടറിഞ്ഞവരാണ് ഇരുവരും. അതുകൊണ്ടുതന്നെ വോട്ടര്‍മാര്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വോട്ടര്‍മാരുടെ പള്‍സ് കണ്ടറിഞ്ഞ് എല്ലാ തന്ത്രങ്ങളും പ്രയോഗിക്കാനും അവര്‍ക്ക് അറിയാം.

രാധാകൃഷ്ണന്‍ മത്സരത്തില്‍ പുതുമുഖമാണെങ്കിലും അനുഭവങ്ങള്‍ ഏറെയുള്ളയാള്‍. വി.സിയായും പി.എസ്.സി ചെയര്‍മാനുമായിരുന്നതിന്റെയും നിരവധി ഗവേണിംഗ് ബോഡിയില്‍ അംഗമായിരുന്നതിന്റെയും കരുത്തിലാണ് മത്സരിക്കുന്നത്.

ആരിഫും ഷാനിമോളും അഭിഭാഷകരാണെങ്കില്‍ രാധാകൃഷ്ണന്‍ കോളേജ് അദ്ധ്യാപകനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു, പ്രഭാഷകനെന്ന നിലയിലും ശ്രദ്ധേയന്‍. 

എന്തായാലും സജീവ പ്രചാരണവുമായി സ്ഥാനാര്‍ത്ഥികള്‍ ഇറങ്ങിയതോടെ വരും ദിവസങ്ങളില്‍ കടുത്ത പോരാട്ടമാവും ആലപ്പുഴയില്‍ നടക്കുക എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.