പരിക്കേറ്റ ശശി തരൂരിനെ സന്ദര്‍ശിച്ച് നിര്‍മ്മല സീതാരാമന്‍

കേരളത്തില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രതിരോധമന്ത്രി ഇന്ന് രാവിലെയാണ് തരൂരിനെ ആശുപതിയിലെത്തി സന്ദര്‍ശിച്ചത്.  

Updated: Apr 16, 2019, 11:23 AM IST
പരിക്കേറ്റ ശശി തരൂരിനെ സന്ദര്‍ശിച്ച് നിര്‍മ്മല സീതാരാമന്‍

തിരുവനന്തപുരം: ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെ സന്ദര്‍ശിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍.  

കേരളത്തില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രതിരോധമന്ത്രി ഇന്ന് രാവിലെയാണ് തരൂരിനെ ആശുപതിയിലെത്തി സന്ദര്‍ശിച്ചത്. തരൂര്‍ തന്‍റെ ട്വിറ്ററിലൂടെ നിര്‍മ്മല സീതാരാമന്‍ സന്ദര്‍ശിച്ചതിന്റെ ചിത്രം പങ്കുവെച്ചു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണുന്ന അപൂര്‍വ മര്യാദയാണിതെന്നും അതിന്‍റെ ഉത്തമ ഉദാഹരണമാണ് നിര്‍മ്മല സീതാരാമന്‍ തന്നെ കാണാന്‍ എത്തിയതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.  

 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് തരൂരിനെ സന്ദര്‍ശിച്ചേക്കും.

എതിരാളിയും തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയുമായ സി.ദിവാകരന്‍ തന്നെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞതായും തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

തലയിലെ മുറിവില്‍ ആറു തുന്നലുണ്ട്. ന്യുറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. പരിക്കേറ്റതിന് പിന്നാലെ തരൂരിന്‍റെ ഇന്നലത്തെ പര്യടന പരിപാടികള്‍ റദ്ദാക്കിയിരുന്നു.