close

News WrapGet Handpicked Stories from our editors directly to your mailbox

കൈപ്പത്തിയില്‍ കുത്തുമ്പോള്‍ താമര വിരിയുന്നു; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

ദേശീയതലത്തില്‍ പലയിടത്തും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരയ്ക്ക് പോകുന്നത്.   

Updated: Apr 23, 2019, 09:56 AM IST
കൈപ്പത്തിയില്‍ കുത്തുമ്പോള്‍ താമര വിരിയുന്നു; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: കാത്തിരുന്ന ദിവസമെത്തി വോട്ട് ചെയ്യുമ്പോള്‍ കൈപ്പത്തിയ്ക്ക് കുത്തുന്നത് താമരയ്ക്ക് പോയാല്‍ എന്താണ് ചെയ്യുക. കോവളത്തെ ചൊവ്വരയിലെ വോട്ടിംഗ് യന്ത്രത്തില്‍ അത്തരമൊരു ക്രമക്കേട് കണ്ടെത്തി. ആലപ്പുഴ മണ്ഡലത്തിലെ ചേര്‍ത്തലയിലും ഇതേ പരാതി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതേ തുടര്‍ന്നുണ്ടായകോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ രണ്ട് ബൂത്തിലെയും പോളിംഗ് നിര്‍ത്തിവെച്ചു. കൈപ്പത്തിയ്ക്ക് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ താമരയുടെ ലൈറ്റ് തെളിയുന്നതായാണ് വോട്ട് ചെയ്യുന്നവര്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.  

തിരുവനന്തപുരം കോവളം ചൊവ്വര മാധപുരത്തെ 151-ാം നമ്പര്‍ ബൂത്തിലാണ് കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയ വോട്ടുകള്‍ താമരയില്‍ തെളിയുന്നത് കണ്ടത്. ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. 

വോട്ടിംഗ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചതോടെയാണ് പ്രശ്നം പുറത്തറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. 

എല്‍ഡിഎഫ് പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം പ്രതിഷേധിക്കുകയാണ്. രാവിലെ മോക്ക് പോള്‍ ആരംഭിച്ച ഘട്ടത്തില്‍ ഈ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് വിവരം. ദേശീയതലത്തില്‍ പലയിടത്തും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരയ്ക്ക് പോകുന്നത്. 

പ്രതിഷേധം കാരണം പഴയ വോട്ടിംഗ് മെഷീന്‍ പിന്‍വലിച്ച് പുതിയ മെഷീന്‍ കൊണ്ടുവന്ന് പോളിംഗ് പുനരരംഭിച്ചിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തിയ 76 വോട്ടുകളുടെയും വിവി പാറ്റ് സ്ലിപ് പരിശോധിക്കണമെന്ന് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.  

എന്നാല്‍ ഇക്കാര്യം രേഖാമൂലം നല്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ ആവശ്യപ്പെട്ടു.  പ്രശ്നം വിശദമായി പരിശോധിച്ച് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുമെന്നാണ് സൂചന.