ലോക്സഭാ തിരഞ്ഞെടുപ്പ് 2019: ബിജെപിയുമായി ധാരണ, ബി.ഡി.ജെ.എസ് 5 സീറ്റില്‍ മത്സരിക്കും

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തിരക്കിട്ട തയ്യാറെടുപ്പിലാണ് സംസ്ഥാനത്ത് ബിജെപി. ശബരിമല വിഷയത്തിലൂടെ നേടിയെടുത്ത ഹൈന്ദവ ഐക്യം വോട്ടാക്കി മാറ്റാനുള്ള കഠിന ശ്രമത്തിലാണ് പാര്‍ട്ടി.

Last Updated : Feb 16, 2019, 05:07 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ് 2019: ബിജെപിയുമായി ധാരണ, ബി.ഡി.ജെ.എസ് 5 സീറ്റില്‍ മത്സരിക്കും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തിരക്കിട്ട തയ്യാറെടുപ്പിലാണ് സംസ്ഥാനത്ത് ബിജെപി. ശബരിമല വിഷയത്തിലൂടെ നേടിയെടുത്ത ഹൈന്ദവ ഐക്യം വോട്ടാക്കി മാറ്റാനുള്ള കഠിന ശ്രമത്തിലാണ് പാര്‍ട്ടി.

പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നത മറ നീക്കി പുറത്തുവരുന്നുവെങ്കിലും സഖ്യകക്ഷിയായ ബി.ഡി.ജെ.എസുമായി സീറ്റ് ധാരണയായതായാണ് റിപ്പോര്‍ട്ട്.   

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് 5 സീറ്റിനുവേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. 5 സീറ്റ് നല്‍കാന്‍ ഏകദേശ ധാരണയായി. ബി.ഡി.ജെ.എസ് നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബി.ജെ.പി വിട്ടു വീഴ്ചയ്ക്ക്  തയ്യാറാവുകയായിരുന്നു. മൂന്ന് സീറ്റുകള്‍ സംബന്ധിച്ച് ധാരണയാകുകയും ചെയ്തു. ഇടുക്കി, വയനാട്, ആലത്തൂര്‍ സീറ്റിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുക. എന്നാല്‍ മറ്റ് രണ്ട് സീറ്റ് സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല എന്നാണ് സൂചന.

ബിജെപിയ്ക്ക് നല്ല രീതിയില്‍ വോട്ട് നേടാന്‍ കഴിയുന്നതും ബിജെപി മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതുമായ  തൃശൂര്‍, പത്തനംതിട്ട, പാലക്കാട്, എറണാകുളം എന്നിവയിലേതെങ്കിലും രണ്ട് മണ്ഡലങ്ങളാണ് ബി.ഡി.ജെ.എസ് ചോദിക്കുന്നത്. എന്നാല്‍ ഈ നാലു സീറ്റും വിട്ടുനല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉപ്പോള്‍ ബിജെപി. 

അതേസമയം, തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങിയാല്‍ മണ്ഡലം വിട്ടു നല്‍കാന്‍ പാര്‍ട്ടി തയ്യാറാണ്. ആലപ്പുഴക്കൊപ്പം മറ്റൊരു സീറ്റ് എന്നാണ് ബിജെപി ബി.ഡി.ജെ.എസിനു മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ആലപ്പുഴ വേണ്ടെന്നാണ് ബി.ഡി.ജെ.എസിന്‍റെ നിലപാട്. ബി.ഡി.ജെ.എസ് ചോദിച്ചിരിക്കുന്ന സീറ്റുകളെല്ലാം ബിജെപി സംസ്ഥാന നേതാക്കള്‍ മത്സരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന സീറ്റുകളാണ്. 

പ്രധാന സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കിയാല്‍ ബി.ജെ.പിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന തര്‍ക്കം രൂക്ഷമാവാനാണ് സാധ്യത. പ്രശ്‌നം രമ്യമായി പരിഹരിക്കാനായി ബി.ഡി.ജെ.എസുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് സൂചന.

 

 

Trending News