മധുവിന്‍റെ മരണം: പ്രതികളെ ഇന്ന് ഹാജരാക്കും

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ മരണത്തിനു പിന്നിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

Updated: Feb 25, 2018, 09:46 AM IST
മധുവിന്‍റെ മരണം: പ്രതികളെ ഇന്ന് ഹാജരാക്കും

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ മരണത്തിനു പിന്നിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടിക വര്‍ഗ പ്രത്യേക കോടതി മജിസ്ട്രേറ്റിന് മുന്‍പാകെയായിരിക്കും ഹാജരാക്കുക. ഇന്ന് അവധിയായതിനാല്‍ പ്രത്യേക കോടതി ജഡ്ജ് അനില്‍ കെ ഭാസ്കറിന്‍റെ വസതിയിലായിരിക്കും പ്രതികളെ ഹാജരാക്കുക. പ്രതികളെ റിമാന്‍ഡ് ചെയ്തതിന് ശേഷം കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ പൊലീസ് സമര്‍പ്പിക്കും.

മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് 16 പേരുടെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. 16 പ്രതികള്‍ക്കെതിരെയും കൊലപാതകക്കുറ്റം, പട്ടിക വര്‍ഗ പീഡന വിരുദ്ധ നിയമ പ്രകാരമുള്ള വകുപ്പുകള്‍, വനത്തില്‍ അതിക്രമിച്ച്‌ കയറിയതിനുള്ള പ്രത്യേക വകുപ്പുകള്‍ തുടങ്ങിയവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു.

മധുവിന്‍റെ മരണത്തില്‍ കേന്ദ്ര ഗിരിവര്‍ഗമന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. മധുവിന് നേരെ നടന്ന ആക്രമണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന ആരോപണവുമായി മധുവിന്‍റെ സഹോദരി ചന്ദ്രിക രംഗത്തെത്തിയിരുന്നു.