മലപ്പുറം: വീട്ടിൽ വച്ച് പ്രസവിച്ച് അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹതകൾ. അസ്മയുടെ മൃതദേഹം ഭർത്താവ് സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത് ഭാര്യ വീട്ടുകാരെ അറിയിക്കാതെയാണ്. അറയ്ക്കപ്പടിയിലുള്ള അസ്മയുടെ വീട്ടുകാർ ആലപ്പുഴയിലുള്ള ഒരു ബന്ധുവിൽ നിന്നാണ് മരണവിവരം അറിഞ്ഞത്.
മൃതദേഹം ഏറ്റുവാങ്ങാൻ വീട്ടുകാർ സന്നദ്ധരാണെന്ന് ബന്ധുവിനെ ധരിപ്പിക്കുകയായിരുന്നു. ഈ ഉറപ്പിലാണ് അസ്മയുടെ മൃതദേഹം ആംബുലൻസിൽ അസ്മയുടെ വീട്ടിൽ എത്തിച്ചത്. ബാപ്പയുടെ അടുത്ത് തന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് പറഞ്ഞാണ് മൃതദേഹം സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത്.
ഇയാളോട് കാര്യങ്ങൾ തിരക്കിയപ്പോൾ പ്രതികരണങ്ങളിൽ അവ്യക്തതയുണ്ടായിരുന്നു. ഇതിൽ സംശയം തോന്നിയ ബന്ധുക്കൾ സിറജുദ്ദീനെ ചോദ്യം ചെയ്തതോടെ വാക്കേറ്റം ഉണ്ടായി. അസ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകാത്തത് യുവതിയുടെ കുടുംബം ചോദ്യം ചെയ്തു. തുടർന്ന് ഇവർ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തിൽ ഇരുഭാഗത്തും അഞ്ച് പേർക്ക് വീതം പരിക്കേറ്റു.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ടാണ് കുഞ്ഞ് ജനിച്ചത്. ജനിച്ചയുടനെ കുഞ്ഞിനെയും കൊണ്ട് ദീർഘദൂര യാത്ര ചെയ്താണ് സിറാജുദ്ദീൻ എത്തിയത്. അവശനിലയിലായ കുഞ്ഞ് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിൽ നിയോ നേറ്റർ എൻഐസിയുവിൽ ചികിത്സയിലാണ്.
സംഭവത്തിൽ പെരുമ്പാവൂർ പോലീസ് അസ്വാഭവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കേസ് മലപ്പുറം പോലീസിന് കൈമാറും. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. ഇവരുടെ മറ്റ് മക്കളെ സിറാജുദ്ദീന്റെ വീട്ടുകാർ കൊണ്ടുപോയി. മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ വച്ചാണ് പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് അസ്മ (35) മരിച്ചത്.
എറണാകുളം അറയ്ക്കപ്പടി സ്വദേശിയായ അസ്മ ആലപ്പുഴ സ്വദേശിയായ ഭർത്താവ് സിറാജുദ്ദീനൊപ്പം മലപ്പുറത്ത് ഈസ്റ്റ് കോഡൂരിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. യൂട്യൂബിൽ മതപ്രഭാഷണവും ആത്മീയ ചികിത്സയും സംബന്ധിച്ച് വീഡിയോകൾ ചെയ്തിരുന്ന സിറാജുദ്ദീന് അയൽവാസികൾ ഉൾപ്പെടെയുള്ളവരുമായി ബന്ധം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അസ്മ ഗർഭിണിയായതും മരിച്ചതും ആരും അറിഞ്ഞിരുന്നില്ല.
അയൽവാസികൾക്ക് യുവതി ഗർഭിണിയാണെന്ന് സംശയം ഉണ്ടായിരുന്നു. എന്നാൽ, വീട്ടിൽ പതിവ് സന്ദർശനത്തിന് എത്തിയ ആശാ വർക്കറോട് പോലും ഗർഭിണിയല്ലെന്നാണ് പറഞ്ഞത്. നാട്ടുകാർ അറിയാതെ ശനിയാഴ്ച രാത്രി പുറത്ത് നിന്നുള്ള കൂട്ടുകാരെ വിളിച്ചുവരുത്തിയാണ് അസ്മയുടെ മൃതദേഹവുമായി കുട്ടികളെയും കൂട്ടി സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് പോയത്.
അസ്മയുടെ മൃതദേഹം പായയിൽ പൊതിഞ്ഞാണ് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ പെരുമ്പാവൂർ അറയ്ക്കപ്പടിയിലെ വീട്ടിൽ എത്തിച്ചത്. നവജാത ശിശുവിന്റെ ശരീരത്തിൽ പ്രസവ സമയത്ത് ഉണ്ടായ രക്തം പോലും തുടച്ചുമാറ്റാത്ത നിലയിലാണ് കൊണ്ടുവന്നതെന്ന് അസ്മയുടെ കുടുംബം ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









