ലൊക്കേഷനില്‍ നിന്നും മരണം മാടി വിളിച്ചു, കുഞ്ഞിക്ക പോയി

സത്യന്‍ അന്തിക്കാടിന്‍റെ ഏറ്റവും പുതിയ ചിത്രമായ  'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിന്‍റെ ചിത്രീകരണ വേളയിലാണ് കുഞ്ഞുമുഹമ്മദിന് നെഞ്ച് വേദന അനുഭവപ്പെട്ടത്.

Sneha Aniyan | Updated: Sep 12, 2018, 12:41 PM IST
ലൊക്കേഷനില്‍ നിന്നും മരണം മാടി വിളിച്ചു, കുഞ്ഞിക്ക പോയി

ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ വലിയ ഇടം നേടിയ നടന്‍ കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക) വിടവാങ്ങി.  

സത്യന്‍ അന്തിക്കാടിന്‍റെ ഏറ്റവും പുതിയ ചിത്രമായ  'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിന്‍റെ ചിത്രീകരണ വേളയിലാണ് കുഞ്ഞുമുഹമ്മദിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന്, ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് 5.55 ഓടെ മരണം സംഭവിക്കുകയായിരുന്നു. 

സിനിമാ രംഗത്തെ പ്രമുഖര്‍ ആശുപത്രിയിലെത്തി അന്ത്യോമപചാരമര്‍പ്പിച്ചിരുന്നു. വളരെ ചെറുപ്പംമുതൽ കലയോട് ഏറെ ആഭിമുഖ്യം പുലർത്തിയിരുന്ന ഇദ്ദേഹം നിരവധി നാടകങ്ങളിൽ ഹാസ്യകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.

ഇണപ്രാവുകള്‍ എന്ന സിനിമയുടെ  പ്രൊഡക്ഷന്‍ ബോയിയായാണ്‌ കുഞ്ഞിക്ക സിനിമ ലോകത്തേക്കെത്തുന്നത്. സംവിധായകന്‍ കമലുമായിട്ടുള്ള ബന്ധമായിരുന്നു കുഞ്ഞുമുഹമ്മദിനെ അറിയപ്പെടുന്ന ഒരു സിനിമാ നടനാക്കിയത്.

സംവിധായകന്‍ കമലിന്‍റെ ഒട്ടുമിക്ക സിനിമകളിലും കുഞ്ഞുമുഹമ്മദിന് വേണ്ടിയൊരു വേഷമുണ്ടായിരിക്കും. കമലിന്‍റെ ശിഷ്യന്മാരായ ലാല്‍ ജോസ്, ആഷിക് അബു, അക്കു അക്ബര്‍, സുഗീത് എന്നിവരുടെ സിനിമകളിലും കുഞ്ഞുമുഹമ്മദ് അഭിനയിച്ചിരുന്നു.

കുഞ്ഞു മുഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചുക്കൊണ്ട് നിരവധി പ്രമുഖരും  ഫെഫ്ക ഡയറക്ടര്‍സ് യൂണിയനും രംഗത്തെത്തി.