സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണു പെട്രോളൊഴിച്ചു തീകൊളുത്തിയത്.  

Updated: Dec 13, 2018, 05:21 PM IST
സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണു പെട്രോളൊഴിച്ചു തീകൊളുത്തിയത്. 49 വയസ്സായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ബിജെപി നേതാവ് സി.കെ. പത്മനാഭന്‍റെ സമരപ്പന്തലിനു തൊട്ടുമുമ്പിലായിരുന്നു സംഭവം.

സി.കെ പത്മനാഭനോടൊപ്പം 70 ഓളം പ്രവര്‍ത്തകരും സമരപ്പന്തലിലുണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ സമരപ്പന്തലിന് എതിര്‍വശത്തുള്ള ക്യാപ്പിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീകൊളുത്തിയ വേണുഗോപാലന്‍ എതിര്‍വശത്തുള്ള സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഇയാള്‍ പെട്രോള്‍ ദേഹത്ത് ഒഴിക്കുന്നത് കണ്ട് സമരപ്പന്തലിലുള്ളവര്‍ പൊലീസിനെ വിളിക്കുന്നതിനിടെ തീ കൊളുത്തി ഇയാള്‍ സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നു. പൊലീസും ബിജെപി പ്രവർത്തകരും ചേർന്നു തീയണച്ച് അശുപത്രിയിൽ എത്തിച്ചു. 

ബിജെപി പ്രവർത്തകർക്ക് കുടിക്കാൻ വച്ചിരുന്ന വെള്ളമുപയോഗിച്ചാണു തീ കെടുത്തിയത്. വേണുഗോപാലൻ നായർ ബിജെപി അനുഭാവിയാണെന്നു പൊലീസ് പറഞ്ഞു. തീ കത്തുന്ന സമയത്തും ശരണം വിളിച്ചുകൊണ്ടാണ് ഓടിയത്.