പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി. കാപ്പന്‍ ശനിയാഴ്ച പത്രിക സമര്‍പ്പിക്കും

പാലാ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ എന്‍.സി.പി നേതാവ് മാണി. സി. കാപ്പന്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി. ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. 

Last Updated : Aug 28, 2019, 07:29 PM IST
പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി. കാപ്പന്‍ ശനിയാഴ്ച പത്രിക സമര്‍പ്പിക്കും

പാലാ: പാലാ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ എന്‍.സി.പി നേതാവ് മാണി. സി. കാപ്പന്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി. ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. 

രാവിലെ നടന്ന എന്‍സിപി സംസ്ഥാന കമ്മിറ്റി യോഗം ആണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.   ഉച്ചക്ക് ശേഷം ചേർന്ന എൽ.ഡി.എഫ് സംസ്ഥാന സമിതി എൻ.സി.പി തീരുമാനത്തിന് അംഗീകാരം നൽകി. തുടർന്നാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

സെപ്റ്റംബര്‍ 4നാണ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. പാലായിൽ നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി, ടി.പി പീതാംബരൻ മാസ്റ്റർ, മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവരടങ്ങുന്ന മൂന്നംഗ തിരഞ്ഞെടുപ്പ് സമിതിക്കും എൻ.സിപി രൂപം നൽകി.

പാലാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലായി കാണാനാകില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. ഇടതുമുന്നണി ഇതുവരെ ജയിക്കാത്ത മണ്ഡലമാണിതെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. അതേസമയം, കെ.എം മാണിയെ പോലെ ശക്തനായ എതിരാളി ഇല്ല എന്നത് അനുകൂല ഘടകമാണെന്ന് മാണി. സി.  കാപ്പന്‍ പ്രതികരിച്ചു.

ഇത് നാലാം തവണയാണ് മാണി സി കാപ്പന്‍ പാലായില്‍ അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ മൂന്നു തവണയും കെ. എം. മാണിയോടായിരുന്നു അദ്ദേഹം പരാജയപ്പെട്ടത്. 2006 മുതല്‍ പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇദ്ദേഹമായിരുന്നു. 

അതേസമയം, മണ്ഡലത്തിലെ വ്യക്തി ബന്ധങ്ങള്‍ വോട്ടാക്കി മാറ്റുക തന്നെയാണ് ലക്ഷ്യമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. കൂടാതെ, കേരള കോണ്‍ഗ്രസിലെ അധികാര അധികാര തര്‍ക്കം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തിലെയും ജില്ലയിലെയും പാര്‍ട്ടി ഭാരവാഹികളുടെ യോഗവും പാലായില്‍ നടന്നു.  

എന്നാല്‍, കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും കണ്ട വസ്തുത മാണി സി കാപ്പന് ജനപ്രീതി വര്‍ദ്ധിക്കുന്നത് തന്നെയാണ്. ഈ വര്‍ദ്ധിച്ച ജനപ്രീതി വിജയമാക്കി മാറ്റാനുള്ള ശ്രമമാണ് ഇത്തവണ എന്‍സിപി നടത്തുക. എന്നാല്‍, മാണിയ്ക്ക് ശേഷം പാലായെ നയിക്കാന്‍ പുതിയ മാണി എത്തുമോ? കാത്തിരുന്നു കാണാം...

 

Trending News