close

News WrapGet Handpicked Stories from our editors directly to your mailbox

പ്ലാസ്റ്റിക് ഫാക്ടറി തീ പിടുത്തം: അട്ടിമറി സ്ഥിരീകരിച്ചു

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടിത്തം അട്ടിമറിതന്നെയെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന രണ്ടു ജീവനക്കാര്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്.    

Updated: Nov 10, 2018, 05:38 PM IST
 പ്ലാസ്റ്റിക് ഫാക്ടറി തീ പിടുത്തം: അട്ടിമറി സ്ഥിരീകരിച്ചു

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടിത്തം അട്ടിമറിതന്നെയെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന രണ്ടു ജീവനക്കാര്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്.    

ചിറയിന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് കുറ്റം സമ്മതിച്ചത്. ബിമല്‍ തീയിടുകയും ബിനു സഹായിക്കുകയുമാണ് ചെയ്തത്. അതുകൂടാതെ, പ്രതികളില്‍ ഒരാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അറിയാന്‍ അന്വേഷണം തുടരുമെന്നും പൊലീസ് പറഞ്ഞു. 

ഇവരുടെ ശമ്പളം വെട്ടിക്കുറച്ചതാണ് പ്രകോപനത്തിന് കാരണമായത്. അതുകൂടാതെ, പ്രതികളിലൊരാള്‍ ലൈറ്റര്‍ വാങ്ങിയതായി മുന്‍പേ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇക്കണോമിക്‌സ് സ്‌റ്റോറിലെ ജീവനക്കാരാണ് ഇവര്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയിലെ നാല് ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. സംഭവം നടക്കുന്നതിന് ഏതാനും മിനിറ്റുകൾക്കു മുമ്പാണ് ഇവർ തീപിടിത്തം നടന്ന കെട്ടിടത്തിലേക്കു പ്രവേശിച്ചത്. ഇതാണ് ഇവരെ ചോദ്യം ചെയ്യാന്‍ കാരണം. എന്നാല്‍ ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞതിനാൽ വിട്ടയയ്ക്കുകയായിരുന്നു.

ഇതിനിടെയാണ് മറ്റു രണ്ട് മലയാളി ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണമുണ്ടായത്. തീപിടിത്തത്തിന് മുൻപ് ഇവർ മൂന്നാം നിലയിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. 

ഇത്രവലിയ തീപിടുത്തം ജീവനക്കാരും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറിയിലെ മുകള്‍ നിലയിലെ സ്റ്റോര്‍ മുറിയിലായിരുന്നു തീ പിടുത്തം. എന്നാല്‍ തീപിടിത്തത്തില്‍ ഫാക്ടറി പൂർണമായും കത്തിനശിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 31ന് വൈകുന്നേരമാണ് സംഭവം നടന്നത്.