വെടിവെപ്പില്‍ മരിച്ചത് മാവോയിസ്റ്റ് നേതാവ് സി പി ജലീലെന്ന്‍ സൂചന

കഴിഞ്ഞ ദിവസം രാത്രിയിലാണ് വയനാട് വൈത്തിരിയില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.  

Updated: Mar 7, 2019, 11:38 AM IST
വെടിവെപ്പില്‍ മരിച്ചത് മാവോയിസ്റ്റ് നേതാവ് സി പി ജലീലെന്ന്‍ സൂചന

വൈത്തിരി: വയനാട് വൈത്തിരിയില്‍ വെടിവെപ്പ് തുടങ്ങിയത് മാവോയിസ്റ്റുകളാണെന്നും പൊലീസ് ഇതിനെതിരെ തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് കണ്ണൂര്‍ റേഞ്ച് ഐജി മാധ്യമങ്ങളോട് വ്യക്തമാക്കി. 

അതേ സമയം പൊലീസ് വെടിവെയ്പില്‍ മരിച്ച മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസുകാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും കണ്ണൂര്‍ റേഞ്ച് ഐജി പറഞ്ഞു. 

കഴിഞ്ഞ ദിവസം രാത്രിയിലാണ് വയനാട് വൈത്തിരിയില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. പുലര്‍ച്ചെ വരെ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. അവസാനമായി വെടിയൊച്ച കേട്ടത് നാലരയോടെയാണെന്നാണ് നാട്ടുകാര്‍ പറഞ്ഞു.

വെടിവെപ്പില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീലാണെന്നാണ് സൂചന. ഒരാള്‍ പൊലീസ് കസ്റ്റഡില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സബ് കളക്ടര്‍ എന്‍.എസ്.കെ.ഉമേഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

വെടിവെപ്പിനെ കുറിച്ചുള്ള പ്രാഥമിക വിവരം മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി. ജില്ലാകളക്ടറുടെ സാന്നിധ്യത്തില്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുകയാണ്. കണ്ണൂര്‍ റെയ്ഞ്ച് ഐജിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 

മുപ്പതോളം വരുന്ന തണ്ടര്‍ബോള്‍ട്ട് സംഘം ഇപ്പോഴും കാട്ടില്‍ തുടരുകയാണ്. റിസോര്‍ട്ടുലുള്ളവരോട് പണം ആവശ്യപ്പെട്ടെത്തിയ മാവോവാദി സംഘത്തില്‍ ആയുധധാരികളായ അഞ്ച് പേരുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റിസോര്‍ട്ടിന് സമീപത്ത് തന്നെയാണ് സി.പി.ജലീലിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.