close

News WrapGet Handpicked Stories from our editors directly to your mailbox

മരട് ഫ്ലാറ്റ് ഉടമകള്‍ അഞ്ച് ദിവസത്തിനകം ഒഴിയണം!!

കായലോരം ഫ്ലാറ്റിൽ ഉണ്ടായിരുന്നവർ നോട്ടീസ് കൈപ്പറ്റി എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. 

Updated: Sep 10, 2019, 05:51 PM IST
മരട് ഫ്ലാറ്റ് ഉടമകള്‍ അഞ്ച് ദിവസത്തിനകം ഒഴിയണം!!

കൊച്ചി: മരട് ഫ്ലാറ്റ് ഉടമകള്‍ അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ അധികൃതര്‍ നോട്ടീസ് പതിച്ചു. 

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ്‌ നഗര സഭയുടെ നടപടി. നോട്ടീസ് കൈപ്പറ്റാന്‍ ഉടമകള്‍ തയാറാകാതെ വന്നതിനെ തുടര്‍ന്നാണ്‌ അധികൃതര്‍ ഭിത്തിയില്‍ പതിച്ചത്. 

നോട്ടീസുമായി എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ഉടമകള്‍ ജെയിൻ കോറൽ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്തു. 

അവധി ആയതിനാൽ ഫ്ലാറ്റ് ഉടമകളിൽ പലരും ഇവിടെ ഇല്ലെന്നും അവധി ദിവസം നോട്ടീസ് പതിക്കുന്നതും നീതി നിഷേധമാണെന്നും ഫ്ലാറ്റുടമകൾ പറഞ്ഞു.

എന്നാല്‍, കായലോരം ഫ്ലാറ്റിൽ ഉണ്ടായിരുന്നവർ നോട്ടീസ് കൈപ്പറ്റി എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. 

ഫ്ലാറ്റുകളില്‍ നോട്ടീസ് പതിച്ചതായി മേലധികാരികൾക്ക് റിപ്പോർട്ട്‌ നൽകുമെന്നും നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ പറഞ്ഞു.

തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ സെപ്തംബര്‍ 20 ന് മുന്‍പ് പൊളിച്ചു നീക്കണമെന്നാണ് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്. 

ഈ മാസം 23ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.