close

News WrapGet Handpicked Stories from our editors directly to your mailbox

മരട്: നഷ്ടപരിഹാരം നല്‍കാനുള്ളവരുടെ പട്ടിക ഇന്ന് സമര്‍പ്പിക്കും

മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള പട്ടിക പൂര്‍ത്തിയായി. 241 ഫ്ലാറ്റുടമകളുടെ പേരാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Sheeba George | Updated: Oct 10, 2019, 11:12 AM IST
മരട്: നഷ്ടപരിഹാരം നല്‍കാനുള്ളവരുടെ പട്ടിക ഇന്ന് സമര്‍പ്പിക്കും

കൊച്ചി: മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള പട്ടിക പൂര്‍ത്തിയായി. 241 ഫ്ലാറ്റുടമകളുടെ പേരാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയുടെ ആദ്യ ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരാണ് സമിതി അദ്ധ്യക്ഷന്‍. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, ആര്‍ മുരുകേശന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. ഇന്ന് 11 മണിക്ക് നടക്കാനിരിക്കുന്ന സമിതിയുടെ ചര്‍ച്ചയില്‍ ഈ ലിസ്റ്റ് പരിശോധിച്ച ശേഷമായിരിക്കും പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുക. പിന്നീട് നഗരസഭയാണ് പട്ടിക സര്‍ക്കാരിന് കൈമാറുക. 

പട്ടിക പ്രകാരം 135 പേരാണ് നഗരസഭയില്‍ നിന്ന് ഉടമസ്ഥാവകാശം കൈപ്പറ്റിയിട്ടുള്ള ഫ്ലാറ്റുടമകള്‍. കൂടാതെ 106 പേര്‍ ഫ്ലാറ്റുടമകളാണെന്ന് കാണിച്ച രേഖകളുമായി നഗരസഭയെ സമീപിച്ചിരുന്നു. ഇതുള്‍പ്പെടെയാണ് 241 പേരുടെ പട്ടിക സമിതി തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍, ഉടമസ്ഥാവകാശം രേഖയായി ഇല്ലാത്തവര്‍ക്ക് ഏതുതരത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നത് അടക്കമുള്ള തീരുമാനം ഈ സമിതി കൈകൊള്ളും. 

അതേസമയം, പൊളിക്കാനുള്ള ഫ്ലാറ്റുകളില്‍ 30 എണ്ണത്തില്‍ ആരും ഇതു വരെ ഉടമസ്ഥാവകാശം ഉന്നയിച്ച് രംഗത്തെത്തുകയോ, രേഖകള്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. കൂടാതെ, 54 ഫ്‌ളാറ്റുകള്‍ നിര്‍മ്മാതാക്കളുടെ പേരിലാണ്. ഇവയ്ക്കും നഷ്ടപരിഹാരം ലഭിക്കില്ല. കാരണം, സര്‍ക്കാര്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് നിര്‍മ്മാതാക്കളില്‍ നിന്നാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.