close

News WrapGet Handpicked Stories from our editors directly to your mailbox

മരട് ഫ്‌ളാറ്റ് വിവാദം: നിര്‍മ്മാതാക്കളുടെ വാദം പൊളിയുന്നു!!

മരട് ഫ്‌ളാറ്റ് വിവാദത്തില്‍ ഇന്ന് സര്‍വ്വ കക്ഷിയോഗം നടക്കാനിരിക്കെ നിര്‍മ്മാതാക്കളുടെ അവകാശവാദം പൊള്ളയാണെന്ന് തെളിയുന്നു....

Updated: Sep 17, 2019, 02:35 PM IST
മരട് ഫ്‌ളാറ്റ് വിവാദം: നിര്‍മ്മാതാക്കളുടെ വാദം പൊളിയുന്നു!!

കൊച്ചി: മരട് ഫ്‌ളാറ്റ് വിവാദത്തില്‍ ഇന്ന് സര്‍വ്വ കക്ഷിയോഗം നടക്കാനിരിക്കെ നിര്‍മ്മാതാക്കളുടെ അവകാശവാദം പൊള്ളയാണെന്ന് തെളിയുന്നു....

ഫ്‌ളാറ്റ് വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ഫ്‌ളാറ്റുകള്‍ നിയമാനുസൃതമായി നിലവിലെ ഉടമകള്‍ക്ക് വിറ്റതാണെന്നും അവകാശപ്പെട്ട് നിര്‍മ്മാതാക്കൾ ഫ്ലാറ്റ് ഉടമകളെ കൈയൊഴിഞ്ഞിരുന്നു.

വിവാദവുമായി ബന്ധപ്പെട്ട് നഗരസഭ ഫ്‌ളാറ്റ് നിര്‍മ്മാതാക്കൾക്ക് നോട്ടീസയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഫ്‌ളാറ്റ് വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് നിര്‍മ്മാതാക്കൾ നഗരസഭയെ അറിയിച്ചത്. കൂടാതെ, പദ്ധതിയുമായി യതൊരു ബന്ധവുമില്ലെന്നും നിര്‍മ്മാതാക്കൾ നഗരസഭാ സെക്രട്ടറിക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. 

നഗരസഭ എന്തിനാണ് തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതെന്ന് മനസ്സിലാകുന്നില്ലെന്നും നിലവിലെ ഉടമസ്ഥരാണ് ഫ്‌ളാറ്റുകള്‍ക്ക് കരമടയ്ക്കുന്നതെന്നും അതിനാല്‍തന്നെ അവയുടെ ഉടമസ്ഥാവകാശം അവര്‍ക്കാണുള്ളതെന്നും ഫ്‌ളാറ്റ് നിര്‍മ്മാതാക്കൾ അവകാശപ്പെട്ടിരുന്നു. 

എന്നാല്‍, ഇപ്പോള്‍ പുറത്തു വരുന്ന വസ്തുതകള്‍ സൂചിപ്പിക്കുന്നത് മറ്റൊന്നാണ്!!

വിവാദ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് മരട് നഗരസഭ നല്‍കിയത് താല്‍കാലിക കെട്ടിട നമ്പറായിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിരിക്കുകയാണ്. പൂര്‍ണമായ അനുമതിയോടെയാണ് ഫ്‌ളാറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും നിയമാനുസൃതമായാണ് വില്‍പന നടത്തിയതെന്നുമുള്ള ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ വാദം ഇതോടെ പൊളിഞ്ഞു!!

ഫ്ളാറ്റ് നിര്‍മാതാക്കളായ ആല്‍ഫ വെഞ്ച്വേഴ്‌സിനും ജെയ്ന്‍ ഹൗസി൦ഗിനും മരട് നഗരസഭ നല്‍കിയത് യു.എ നമ്പര്‍ മാത്രമാണെന്നാണ് പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നത്. 

അനധികൃതമായി നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍ക്കാണ് യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കോടതി ഉത്തരവ് വന്നാല്‍ ഒഴിയണമെന്നുള്ള ഉപാധിയോടെയാണ് രണ്ടു കമ്പനികളുടെ ഫ്‌ളാറ്റുകള്‍ക്കും യു.എ നമ്പര്‍ നല്‍കിയതെന്നുമാണ് സൂചന. 

ഫ്‌ളാറ്റുകളുടെ അനുമതി സംബന്ധിച്ച കാര്യങ്ങള്‍ നിര്‍മ്മാതാക്കള്‍ വില്പന സമയത്ത് മറച്ചുവച്ചു എന്ന കാര്യം ഇതില്‍ നിന്നും വ്യക്തമാണ്‌. ഭൂമിയുടെ പേരിലുള്ള നിയമപരമായ പ്രശ്നങ്ങള്‍ക്കുള്ള ഉത്തരവാദിത്തം നിര്‍മ്മാതാക്കള്‍ക്കുതന്നെയാണ്. 

വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഇപ്പോള്‍ ഉടമകള്‍ പറയുന്നത്. 

അതേസമയം, 350ഓളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കേരളത്തിലെ 17 എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു. മനുഷ്യത്വപരമായ സമീപനം മരട് വിഷയത്തില്‍ വേണമെന്നും എംപിമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. 

തീരദേശനിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരടിലെ അഞ്ചു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കാവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 20ന് മുമ്പ് ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് സുപ്രീംകോടതി ഉത്തരവ്.