മരട് ഫ്‌ളാറ്റ് പൊളിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കും: സര്‍വ്വകക്ഷിയോഗം

മരട് ഫ്‌ളാറ്റ് വിവാദത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം അവസാനിച്ചു.

Last Updated : Sep 17, 2019, 06:25 PM IST
മരട് ഫ്‌ളാറ്റ് പൊളിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കും: സര്‍വ്വകക്ഷിയോഗം

തിരുവനന്തപുരം: മരട് ഫ്‌ളാറ്റ് വിവാദത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം അവസാനിച്ചു.

ഫ്‌ളാറ്റ് പൊളിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് യോഗത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്. മികച്ച അഭിഭാഷകനെ ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

അതേസമയം, ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല ഉന്നയിച്ചത്. നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഫ്ലാറ്റ് പൊളിച്ചാല്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടം ഈടാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

എന്നാല്‍, ശബരിമല നടപ്പാക്കാമെങ്കില്‍ മരട് എന്തുകൊണ്ട് നടപ്പക്കാന്‍ കഴിയില്ല എന്നായിരുന്നു കാനം രാജേന്ദ്രന്‍റെ ചോദ്യം. മരടില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 

വൈകിട്ട് 3 മണിക്കായിരുന്നു യോഗം ആരംഭിച്ചത്.

തീരദേശനിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരടിലെ അഞ്ചു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കാവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 20ന് മുമ്പ് ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് സുപ്രീംകോടതി ഉത്തരവ്. 

 

 

Trending News