close

News WrapGet Handpicked Stories from our editors directly to your mailbox

മരട് ഫ്‌ളാറ്റ് വിവാദം: കൈയൊഴിഞ്ഞ് നിര്‍മ്മാതാക്കൾ...

മരട് ഫ്‌ളാറ്റ് വിവാദത്തില്‍ ഫ്ലാറ്റ് ഉടമകളെ കൈയൊഴിഞ്ഞ് നിര്‍മ്മാതാക്കൾ!!

Updated: Sep 15, 2019, 05:37 PM IST
മരട് ഫ്‌ളാറ്റ് വിവാദം: കൈയൊഴിഞ്ഞ് നിര്‍മ്മാതാക്കൾ...

കൊച്ചി: മരട് ഫ്‌ളാറ്റ് വിവാദത്തില്‍ ഫ്ലാറ്റ് ഉടമകളെ കൈയൊഴിഞ്ഞ് നിര്‍മ്മാതാക്കൾ!!

ഫ്‌ളാറ്റ് വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ഫ്‌ളാറ്റുകള്‍ നിയമാനുസൃതമായി നിലവിലെ ഉടമകള്‍ക്ക് വിറ്റതാണെന്നും ഫ്‌ളാറ്റ് നിര്‍മ്മാതാക്കൾ അവകാശപ്പെട്ടു.

വിവാദവുമായി ബന്ധപ്പെട്ട് നഗരസഭ ഫ്‌ളാറ്റ് നിര്‍മ്മാതാക്കൾക്ക് നോട്ടീസയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഫ്‌ളാറ്റ് വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് നിര്‍മ്മാതാക്കൾ നഗരസഭയെ അറിയിച്ചിരിക്കുന്നത്. കൂടാതെ, പദ്ധതിയുമായി യതൊരു ബന്ധവുമില്ലെന്നും നിര്‍മ്മാതാക്കൾ നഗരസഭാ സെക്രട്ടറിക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കി.

നഗരസഭ എന്തിനാണ് തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതെന്ന് മനസ്സിലാകുന്നില്ലെന്നും നിലവിലെ ഉടമസ്ഥരാണ് ഫ്‌ളാറ്റുകള്‍ക്ക് കരമടയ്ക്കുന്നതെന്നും അതിനാല്‍തന്നെ അവയുടെ ഉടമസ്ഥാവകാശം അവര്‍ക്കാണുള്ളതെന്നും ഫ്‌ളാറ്റ് നിര്‍മ്മാതാക്കൾ അവകാശപ്പെട്ടു.

തീരദേശനിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരടിലെ അഞ്ചു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

ഈ ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള അവസാന തിയതി ഇന്നാണ്(സെപ്റ്റംബര്‍ 15, ഞായറാഴ്ച). ഒഴിഞ്ഞുപോയില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ മറ്റു നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം, വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് ഫ്ലാറ്റുടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നല്‍കിയിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരിനും നിലവിലെ 140 എംഎൽഎമാർക്കും നിവേദനം നൽകിയിരുന്നു. 

നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കാവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 20ന് മുമ്പ് ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് സുപ്രീംകോടതി ഉത്തരവ്.