)
തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണെന്ന് മന്ത്രി കുറിച്ചു. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വെക്കാനല്ലെന്നും പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം: കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണ്. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വെക്കാനല്ല. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്.
ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്ര സത്യം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന് ആർക്കും മായ്ക്കാൻ കഴിയില്ല. കേരള സിലബസിന്റെ അടിസ്ഥാനത്തിൽ, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തുടർന്നും നൽകുക. സുരേന്ദ്രൻ ആഗ്രഹിക്കുന്നതുപോലെ ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ല. ഇത്തരം പ്രസ്താവനകളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോവില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.