ശബരിമല: തന്ത്രിയുടെ മുറിക്ക് സമീപം മൊബൈല്‍ ജാമര്‍

നിരോധനാജ്ഞയുടെ വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് ഇക്കാര്യത്തില്‍ പൊലീസ് പറഞ്ഞിരിക്കുന്നത്.  

Last Updated : Nov 5, 2018, 01:05 PM IST
ശബരിമല: തന്ത്രിയുടെ മുറിക്ക് സമീപം മൊബൈല്‍ ജാമര്‍

സന്നിധാനം: ശബരിമലയില്‍ തന്ത്രിയുടെ മുറിക്ക് സമീപം മൊബൈല്‍ ജാമര്‍. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമെന്നാണ് വിശദീകരണം. കൂടാതെ, തന്ത്രിയേയും മേല്‍ശാന്തിമാരെയും മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് പൊലീസ് വിലക്കിയിരിക്കുകയാണ്.

നിരോധനാജ്ഞയുടെ വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് ഇക്കാര്യത്തില്‍ പൊലീസ് പറഞ്ഞിരിക്കുന്നത്. ഇതോടെ പ്രതികരിക്കാനില്ലെന്ന് കണ്ഠരര് രാജീവര് വ്യക്തമാക്കി. രാവിലെ തന്നെ കണ്ഠരര് രാജീവര് പമ്പയിലെത്തിയിരുന്നു. അതിന് ശേഷം സന്നിധാനത്തേക്ക് പോയി.

രാവിലെ പതിനൊന്നുമണിയോടെയാണ് നിലയ്ക്കലില്‍നിന്ന് ഭക്തരെയും കൊണ്ടുള്ള ആദ്യ ബസ് പമ്പയിലേക്കു പുറപ്പെട്ടത്. പമ്പയിലേക്ക് 22 കെഎസ്ആര്‍ടിസി ബസുകളാണ് സര്‍വീസ് നടത്തുന്നത്. തീര്‍ത്ഥാടകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് എരുമേലിയില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങിയിരുന്നു.

സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാത്തതിനാൽ എരുമേലിയിൽ തീർത്ഥാടക‍ർ പ്രതിഷേധിച്ചിരുന്നു. ഒടുവില്‍ രാവിലെ ഒമ്പത് മണിയോടെ വാഹനങ്ങള്‍ കടത്തി വിടാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. എറണാകുളത്ത് നിന്നുള്ള അയ്യപ്പഭക്തരും ഹിന്ദുസംഘടനകളുടേയും നേതൃത്വത്തിലായിരുന്നു രാവിലെ പ്രതിഷേധം നടത്തിയത്.

കെഎസ്ആര്‍ടിസി ബസ് വിട്ടു നല്‍കണമെന്നായിരുന്നു തീര്‍ത്ഥാടകരുടെ ആവശ്യം. എന്നാല്‍ എരുമേലിയില്‍ നിന്ന് വാഹനങ്ങള്‍ കടത്തിവിടാനുളള നിര്‍ദ്ദേശം ഇപ്പോള്‍ ഇല്ല എന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. പൊലീസിന്‍റെ നിര്‍ദ്ദേശമില്ലാതെ സര്‍വീസ് നടത്താനാകില്ലെന്ന് കെഎസ്ആര്‍ടിസിയും തീര്‍ത്ഥാടകരെ അറിയിച്ചു.  

തീര്‍ത്ഥാടകരെ ഇന്ന് ഉച്ചയോടെ മാത്രമേ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂവെന്നായിരുന്നു പൊലീസിന്‍റെ അറിയിപ്പ്. എന്നാല്‍ തീര്‍ത്ഥാടകര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചതിനാല്‍ പൊലീസിന് തീരുമാനം മാറ്റേണ്ടി വരികയായിരുന്നു. 

Trending News