പീഡന കേസില്‍ ബിനോയ്‌ക്കെതിരായ കുരുക്കുകള്‍ മുറുകുന്നു

യുവതിയുടെ കുഞ്ഞിന്‍റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ്‌ കോടിയേരിയെന്ന്‍ തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.    

Updated: Jun 24, 2019, 11:38 AM IST
പീഡന കേസില്‍ ബിനോയ്‌ക്കെതിരായ കുരുക്കുകള്‍ മുറുകുന്നു

മുംബൈ: യുവതിയുടെ പീഡനപരാതിയില്‍ ബിനോയ്‌ കൊടിയേരിയുടെ കുരുക്ക് മുറുകുന്നു. യുവതിയുടെ കുഞ്ഞിന്‍റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ്‌ കോടിയേരിയെന്ന്‍ തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.  

കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റാണ് ബിഹാര്‍ സ്വദേശിനിയായ യുവതി പുറത്തു വിട്ടിരിക്കുന്നത്. ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്‍റെ പേര് ‘Mr. ബിനോയ് വി. ബാലകൃഷ്ണന്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010 ലാണ് രജിസ്റ്റര്‍ ചെയ്തത്.

ഇതിനിടയില്‍ ബിനോയ്ക്ക് യുവതിയുമായുള്ള ബന്ധം കോടിയേരിക്ക് അറിയാമായിരുന്നുവെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ പുറത്തുവിട്ടതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 

ഇതിന് മുന്നേ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്‍റെ പേരിന്‍റെ സ്ഥാനത്ത് ബിനോയിയുടെ പേര് രേഖപ്പെടുത്തിയ പകര്‍പ്പും ബാങ്കിടപാടുമായി ബന്ധപ്പെട്ട രേഖകളും യുവതിയുടെ കുടുംബം ഹാജരാക്കിയിരുന്നു. ബാങ്ക് പാസ്ബുക്കിലും ഭര്‍ത്താവിന്‍റെ പേരിന്‍റെ സ്ഥാനത്ത് ബിനോയിയുടെ പേരാണ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നത്.

മാത്രമല്ല യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് ലക്ഷങ്ങൾ അയച്ചതിന്‍റെ രേഖകള്‍ കുടുംബം പുറത്തുവിട്ടിരുന്നു. എന്തായാലും ഉച്ചയ്ക്ക് ശേഷം ബിനോയിയുടെ മുന്‍‌കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാനിരിക്കെ ഒന്നിന് പുറകെ ഒന്നായി തെളിവുകള്‍ പുറത്തുവരികയാണ്. 

2009 മുതല്‍ 2018 വരെ ബിനോയ്‌ തന്നെ പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. പരാതിക്കാരിയായ യുവതി ബാര്‍ ഡാന്‍സ് ജീവനക്കാരിയാണ്.