തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ മുങ്ങിയ എംഎസ് സി എല്‍സ എന്ന ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ കേരള തീരങ്ങളില്‍ അടിഞ്ഞുകൊണ്ടിരിക്കുകയാണ്. കപ്പല്‍ മറിഞ്ഞതിന് കാരണം യന്ത്രത്തകരാര്‍ ആണെന്നാണ് ഡയറക്ടറേറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് വ്യക്തമാക്കിയിരിക്കുന്നത്.
കപ്പല്‍ മറിഞ്ഞതിനെ തുടര്‍ന്ന് കേരളമാണ് ഏറ്റവും വലിയ ഭീതികള്‍ നേരിടുന്നത്. കണ്ടെയ്‌നറുകളില്‍ ഉള്ള അപകടകരമായ രാസവസ്തുക്കളും, ഇന്ധന ചോര്‍ച്ചയുണ്ടാകുമോ എന്നതും എല്ലാം വലിയ ഭീതി സൃഷ്ടിക്കുന്നുണ്ട്. അതിലുപരി മത്സ്യബന്ധനത്തേയും ഇത് വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.
ഈ ഘട്ടത്തിലാണ് അപകടത്തില്‍ കേരള പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ ധാരണയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കപ്പല്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള നഷ്ടപരിഹാരങ്ങള്‍ സംസ്ഥാനത്തിനുള്‍പ്പെടെ ലഭിക്കേണ്ടതുണ്ട്. ഇന്ധന ചോര്‍ച്ചയും കണ്ടെയ്‌നറുകളുടെ തീരത്തടിയലും മറ്റ് മാലിന്യ പ്രശ്‌നങ്ങളും മത്സ്യബന്ധനത്തിനുള്ള തടസ്സവും എല്ലാം ഇതില്‍ ഉള്‍പ്പെടും. ഷിപ്പിങ് കമ്പനി ഉള്‍പ്പെടെയുള്ളവയില്‍ നിന്നാണ് ഈ നഷ്ടപരിഹാരം ഈടാക്കേണ്ടത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നിയമോപദേശം തേടിയത് ഈ സാഹചര്യത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷിപ്പിങ് കമ്പനി, കപ്പലിന്റെ കപ്പിത്താന്‍ തുടങ്ങി ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ ആയിരിക്കും എഫ്‌ഐആര്‍ രേഖപ്പെടുത്തുക. ഇതിന് ശേഷം മാത്രമേ, നഷ്ടപരിഹാരം സംബന്ധിച്ച ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് വിവരം. എന്തായാലും അപകടം സംബന്ധിച്ച് കപ്പല്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പരസ്യ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.
ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എംഎസ് സി) ആണ് കപ്പലിന്റെ ഉടമകള്‍. 1997 ല്‍ ജര്‍മനിയിലാണ് കപ്പല്‍ നിര്‍മിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









