ചര്‍ച്ചകള്‍ക്ക് വിരാമം; കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തു

യുഡിഎഫ് കണ്‍വീനറായി ബെന്നി ബഹനാനും പ്രചാരണ സമിതി അധ്യക്ഷനായി കെ.മുരളീധരനും ചുമതലയേല്‍ക്കും. 

Updated: Sep 20, 2018, 09:41 AM IST
ചര്‍ച്ചകള്‍ക്ക് വിരാമം; കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ നേതൃത്വം. പുതിയ കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തു. എം.ഐ.ഷാനവാസ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ്‌ മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാര്‍. 

യുഡിഎഫ് കണ്‍വീനറായി ബെന്നി ബഹനാനും പ്രചാരണ സമിതി അധ്യക്ഷനായി കെ.മുരളീധരനും ചുമതലയേല്‍ക്കും. പ്രാദേശിക, സാമുദായിക പരിഗണനകളും ഗ്രൂപ്പുകളുടെ പ്രത്യക്ഷ, പരോക്ഷ നിലപാടുകളും മുല്ലപ്പള്ളി രാമചന്ദ്രന് അനുകൂലമായതായാണ് കണക്കുകൂട്ടല്‍.

കെ.വി.തോമസ്, കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍, വി.ഡി.സതീശന്‍, കെ.മുരളീധരന്‍ തുടങ്ങിയവരാണ് പരിഗണനാപ്പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവര്‍. കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍, രാജ്യസഭാസീറ്റ്, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വങ്ങള്‍ എന്നിവയുള്‍പ്പെട്ട ‘പാക്കേജ്’ നടപ്പാക്കാനാണ് നേതൃത്വം ലക്ഷ്യമിട്ടത്.സ്വന്തം സ്ഥാനാര്‍ഥിക്ക് വേണ്ടി കര്‍ക്കശ നിലപാടെടുക്കാത്ത എ ഗ്രൂപ്പ്, മുല്ലപ്പള്ളിയെ പിന്തുണച്ചിരുന്നു.

ഡിസിസി പ്രസിഡന്റുമാരുടെ മനസ്സറിയാന്‍ നടത്തിയ ‘വോട്ടെടുപ്പില്‍’ പലരും ഗ്രൂപ്പ് താല്‍പര്യമനുസരിച്ചുള്ള പേരുകള്‍ അറിയിച്ചപ്പോള്‍ മുന്നിലെത്തിയതു വി.ഡി.സതീശന്‍, ബെന്നി ബഹനാന്‍, കെ.സുധാകരന്‍ എന്നിവരാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് യോജ്യനായ, ചുറുചുറുക്കുള്ള നേതാവ് പ്രസിഡന്റാകണമെന്ന് പറഞ്ഞ ഏതാനും ചിലര്‍ സമദൂരം പാലിച്ചു.

ഇതിനിടയില്‍ കെ.പി.സി.സിയുടെ പുതിയ നേതൃത്വം വിവിധ മേഖലകളില്‍ തഴക്കവും പഴക്കവുമുള്ളവരാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു.  നല്ലൊരു ടീമിനേയാണ് കേരളത്തിലെ കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്നതെന്നും നല്ല രീതിയില്‍ മുന്നോട്ടു പോകട്ടേയെന്നും അദ്ദേഹം ആശംസിച്ചു.