ബിനോയ് കോടിയേരിയെ കണ്ടെത്താൻ കഴിയാതെ മുംബൈ പൊലീസ്!!

പീഡനക്കേസിൽ കുറ്റാരോപിതനായ ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്. കേരള പൊലീസ് സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘ൦ പരാതിപ്പെട്ടു.

Last Updated : Jun 23, 2019, 12:16 PM IST
ബിനോയ് കോടിയേരിയെ കണ്ടെത്താൻ കഴിയാതെ മുംബൈ പൊലീസ്!!

തിരുവനന്തപുരം: പീഡനക്കേസിൽ കുറ്റാരോപിതനായ ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്. കേരള പൊലീസ് സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘ൦ പരാതിപ്പെട്ടു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിനോയ്‌ കോടിയേരിയെ കസ്റ്റഡിയിലെടുക്കാനായി മുംബൈ പൊലീസ് കേരളത്തില്‍ എത്തിയത്. അതേസമയം, യുവതിയുടെ പരാതി ലഭിച്ച് ഒരാഴ്ച തികഞ്ഞിട്ടും ബിനോയ് കോടിയേരി എവിടെയെന്ന് പൊലീസിന് അറിയില്ല. കേരള പൊലീസ് സഹകരിക്കുന്നില്ലെന്നാണ് മുംബൈയിൽ നിന്നുള്ള അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

അതേസമയം,കഴിഞ്ഞ ദിവസം, അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായ യുവതി ബിനോയിക്കെതിരെ കൂടുതൽ തെളിവുകൾ കൈമാറിയിരുന്നു. തന്‍റെ പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പും അവര്‍ നല്‍കിയിരുന്നു. അതില്‍ ഭര്‍ത്താവിന്‍റെ പേര് ബിനോയ്‌ വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാസ്പോര്‍ട്ട്‌ പുതുക്കിയത് 2014ല്‍ ആണ്. കൂടാതെ, വിദേശത്ത് ഒന്നിച്ച് താമസിച്ചതിന്‍റെ തെളിവുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്‍റ് തുടങ്ങിയ രേഖകള്‍ യുവതി പൊലീസിന് സമര്‍പ്പിച്ചിട്ടുണ്ട്. 

ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ മുന്നോട്ടു പോകാന്‍ തന്നെയാണ് മുംബൈ പൊലീസിന്‍റെ തീരുമാനം. ബിനോയ് കോടിയേരി ഒളിവിലായ സാഹചര്യത്തില്‍ ഇയാള്‍ക്കായി ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് സൂചന.

അതേസമയം, ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെയാണ് ഓഷിവാര കോടതി പരിഗണിക്കുന്നത്. കോടതിയുടെ തീരുമാനം വരുന്നതിന് മുമ്പുതന്നെ ബിനോയ് കോടിയേരിയെ അറസ്റ്റു ചെയ്യാനാണ് മുംബൈ പൊലീസിന്‍റെ നീക്കം.

അതേസമയം, ഇപ്പോള്‍ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ലൈംഗിക ആരോപണ പാരാതി ഉയര്‍ന്നതിനു ശേഷം മകനെ കണ്ടിട്ടില്ലെന്ന് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യുവതി തന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ കോടിയേരി മകനെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. നിരപരാധിത്വം തെളിയിക്കേണ്ടത് വ്യക്തിപരമായ ഉത്തരവാദിത്തമാണ്. കുടുംബാംഗങ്ങൾ ചെയ്യുന്ന കുറ്റങ്ങൾ തനിക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. 

മകനെതിരെ ആരോപണം ഉയര്‍ന്നതിനു ശേഷം അഞ്ചാം ദിവസമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കണ്ടത്.

 

Trending News