ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം

ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമാണ്. കേരളത്തിന്റെ സംസ്‌കാരവും വിശ്വാസവും സംരക്ഷിക്കാന്‍ ബിജെപി മാത്രമേ മുന്നിലുള്ളുവെന്നും മോദി പറഞ്ഞു.   

Updated: Jan 16, 2019, 09:14 AM IST
ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം

കൊല്ലം: ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പം നിന്ന പാര്‍ട്ടി ബിജെപി മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്ലത്ത് എന്‍.ഡി.എ മഹാസംഗമത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. 

ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമാണ്. കേരളത്തിന്റെ സംസ്‌കാരവും വിശ്വാസവും സംരക്ഷിക്കാന്‍ ബിജെപി മാത്രമേ മുന്നിലുള്ളുവെന്നും മോദി പറഞ്ഞു. 

ഇന്ന് രാജ്യം മുഴുവന്‍ ശബരിമലയെക്കുറിച്ച് സംസാരിക്കുന്നു. കമ്മ്യൂണിസ്റ്റുകള്‍ വിശ്വാസത്തെയും അധ്യാത്മികതയെയും ഇന്ത്യയുടെ സംസ്‌കാരത്തെയും ബഹുമാനിക്കാത്തവരാണ്. 
ശബരിമല വിഷയത്തില്‍ ആരെയും ലജ്ജിപ്പിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. യുഡിഎഫും ഇതില്‍നിന്ന് വ്യത്യസ്തമല്ല. കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ രണ്ടുനിലപാടാണ്. 

അവര്‍ പാര്‍ലമെന്റില്‍ ഒരു നിലപാടും പത്തനംതിട്ടയില്‍ വേറെ നിലപാടും സ്വീകരിക്കുന്നു. ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയുന്നവരാണ് അവര്‍. എന്നാല്‍ ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് വളരെ വ്യക്തമാണെന്നും മോദി പറഞ്ഞു.

സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ അനീതിയാണ് മുത്തലാഖ്. അതിനെതിരെയുള്ള നിയമം കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും എതിര്‍ത്തു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും മുത്തലാഖിനെ പിന്തുണയ്ക്കുന്നു. സ്ത്രീകള്‍ക്ക് അനിതീമാത്രം നല്‍കുന്ന മുത്തലാഖിനെ എന്തുകൊണ്ടാണ് അവര്‍ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

അടുത്തിടെ സാമ്പത്തിക സംവരണമെന്ന ചരിത്രപരമായ നിയമനിര്‍മ്മാണം നമ്മള്‍ നടപ്പിലാക്കി. എന്നാല്‍ ആ ബില്ലിനെ മൂന്നുപേര്‍ എതിര്‍ത്തു. യുഡിഎഫിന്റെ ഭാഗമായ മുസ്ലീംലീഗാണ് ഈ ബില്ലിനെ എതിര്‍ത്തത്. സാമൂഹികനീതി ഉറപ്പുവരുത്താനുള്ള ശ്രമത്തെ ഇവര്‍ എന്തിന് എതിര്‍ത്തു? ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഒരുനിലപാടാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

നാല് വര്‍ഷത്തിനിടെ രാജ്യം നേടിയ സാമ്പത്തിക പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ വിശദീകരിച്ചു. ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാകുമെന്ന് നാല് വര്‍ഷം മുന്‍പ് ആരെങ്കിലും കരുതിയിരുന്നോ എന്ന് ചോദിച്ച അദ്ദേഹം ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ ഏറെ മുന്നിലെത്തി എന്ന് പറഞ്ഞു. 

ആയുഷ്മാന്‍ ഭാരത്‌ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് രൂപംനല്‍കി. 50 കോടി പേരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നാല് വര്‍ഷം മുന്‍പ് സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്ത്യ ഒന്നാമതെത്തുമെന്ന് ആരെങ്കിലും കരുതിയിരുന്നോ. ഇന്ന് ഇന്ത്യ വിദേശനിക്ഷേപത്തില്‍ ചൈനയില്‍ മറികടന്നിരിക്കുന്നു. നാല് വര്‍ഷം കൊണ്ട് നിരവധി മൊബൈല്‍ നിര്‍മാണശാലകളും സംരഭങ്ങളും രാജ്യത്ത് സ്ഥാപിക്കപ്പെട്ടു. ഇന്ന് ലോകത്ത് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ഏറ്റവും മികച്ച രാജ്യം ഇന്ത്യയാണ്.

കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എന്‍.ഡി.എ സര്‍ക്കാര്‍ രാവുംപകലും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കേരളത്തിലെ ഇരുമുന്നണികളും ചേര്‍ന്ന് കേരളത്തിലെ സമാധാന സാഹചര്യം ഇല്ലാതാക്കി വര്‍ഗീയതയും അഴിമതിയുടെയും തടവറയിലാക്കി. 

ഇവരുടെ അധികാരമോഹത്തില്‍ അവര്‍ ജനങ്ങളുടെ ശബദ്ം മറന്നു. യുഡിഎഫും എല്‍ഡിഎഫും ഒരുനാണയത്തിന്റെ രണ്ടുവശങ്ങളാണ്. രണ്ടുപേരാണെങ്കിലും അവരുടെ നിലപാടുകള്‍ ഒന്നാണ്. ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

എല്ലാവരോടൊപ്പം നിന്ന് എല്ലാവര്‍ക്കും വികസനമെന്നതാണ് ബിജെപിയുടെ നയം. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്കുവേണ്ടിയും എന്‍.ഡി.എ. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലുള്ളവര്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയപ്പോള്‍ അവരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാംചെയ്തു. 

നഴ്‌സുമാരെ ഐ.എസ് ഭീകരില്‍നിന്ന് രക്ഷിക്കാനും ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിക്കാനും കേന്ദ്രം പ്രവര്‍ത്തിച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാരുണ്ടാകും മോദി പറഞ്ഞു. 

ത്രിപുരയെപ്പോലെ കേരളത്തിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവകാശപ്പെട്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. ത്രിപുരയില്‍ പൂജ്യത്തില്‍നിന്നാണ് ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയത്. ഇത് കേരളത്തിലും സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.