ദേശിയ പണിമുടക്ക്: കേരളത്തെ സാരമായി ബാധിച്ചു; ചിലയിടങ്ങളില്‍ സംഘര്‍ഷം

സംയുക്ത തൊഴിലാളി യൂനിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശിയ പണിമുടക്ക് കേരളത്തെ സാരമായി ബാധിച്ചു. ചിലയിടങ്ങളിൽ നേരിയ തോതില്‍ സംഘർഷവുമുണ്ടായി. പൊതുഗതാഗത സംവിധാനങ്ങള്‍ എല്ലാം  പണിമുടക്കില്‍ നിശ്ചലമായി. സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുന്നു.ഇന്ന് നടത്താനിരുന്ന പരീക്ഷയും മാറ്റിവെച്ചു. 

Last Updated : Sep 2, 2016, 01:13 PM IST
ദേശിയ പണിമുടക്ക്: കേരളത്തെ സാരമായി ബാധിച്ചു; ചിലയിടങ്ങളില്‍ സംഘര്‍ഷം

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂനിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശിയ പണിമുടക്ക് കേരളത്തെ സാരമായി ബാധിച്ചു. ചിലയിടങ്ങളിൽ നേരിയ തോതില്‍ സംഘർഷവുമുണ്ടായി. പൊതുഗതാഗത സംവിധാനങ്ങള്‍ എല്ലാം  പണിമുടക്കില്‍ നിശ്ചലമായി. സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുന്നു.ഇന്ന് നടത്താനിരുന്ന പരീക്ഷയും മാറ്റിവെച്ചു. 

കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിന്റെയും മറ്റ് വ്യവസായ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. തിരുവനന്തപുരത്ത് ഐ.എസ്.ആർ.ഒയുടെയും വി.എസ്.എസ്.സിയുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. ഇരു സ്ഥാപനങ്ങളിൽ രാവിലെ ഏഴു മണിക്ക് ജീവനക്കാരെ എത്തിക്കാനായില്ല. 

ജീവനക്കാരെ എത്തിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുള്ള ഗ്യാരേജ് സമരക്കാർ ഉപരോധിച്ചു. കൂടാതെ നഗരത്തിൽ സവാരി നടത്താനെത്തിയ ഒാട്ടോറിക്ഷാ തൊഴിലാളികളെ സമരക്കാർ തടഞ്ഞു. തിരുവനന്തപുരത്തും കൊച്ചിയിലും സമരക്കാര്‍ വാഹനങ്ങൾ തടഞ്ഞത് ചെറിയ സംഘർഷത്തിന് വഴിവെച്ചു. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ യൂബര്‍ ടാക്‌സി സര്‍വീസുകളെ സമരക്കാര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. യൂബര്‍ ടാക്സിയുടെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.

റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി വാഹനമില്ലാതെ വിഷമിച്ചവരെ പൊലീസ് വാഹനത്തില്‍ യഥാസ്ഥാനത്ത് എത്തിക്കുന്നുണ്ട്. കനത്ത സുരക്ഷയാണ് പൊലീസ് എല്ലായിടത്തും ഒരുക്കിയിരിക്കുന്നത്. രാവിലെ വിവിധ നഗരങ്ങളില്‍ സമരാനുകൂലികള്‍ പ്രകടനം നടത്തി.

കൊച്ചിയിലെ വ്യാവസായിക മേഖലകളിൽ ഭാഗികമായി ജീവനക്കാർ എത്തിയിട്ടുണ്ട്. കൊച്ചിൻ ഷിപ്പിയാർഡ്, പോർട്ട് ട്രസ്റ്റ്, എഫ്.എ.സി.ടി, കാക്കനാട് ഇൻഫോ പാർക്ക് എന്നിവിടങ്ങളിൽ ഹാജർ നില കുറവാണ്. രാത്രി 10 മണിക്ക് തിരുവനന്തപുരത്തെ സർക്കാർ പ്രസിൽ ഉപരോധം ഏർപ്പെടുത്തിയാണ് സംയുക്ത സമരസമിതി 24 മണിക്കൂർ പണിമുടക്കിന് തുടക്കം കുറിച്ചത്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരുമായി  ചര്‍ച്ചയ്ക്ക് ഒരുങ്ങിയെങ്കിലും അവയൊന്നും പൂര്‍ണമായി അംഗികരിച്ചില്ലെന്ന് ആരോപിച്ചാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്‌.എം.എസ്, എല്‍.പി.എഫ്, യു.ടി.യു.സി, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, എസ്.ഇ.ഡബ്ല്യു.എ, എ.ഐ.സി.സി.ടി.യു തുടങ്ങിയ സംഘടനകളാണ് പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

Trending News