വോട്ടിംഗ് യന്ത്രത്തിലെ ഗുരുതര പിഴവ് അന്വേഷിക്കണമെന്ന് കുമ്മനം

വോട്ടിംഗ് യന്ത്രത്തിലെ ഗുരുതര പിഴവ് അന്വേഷിക്കണമെന്ന് തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. 

Updated: Apr 23, 2019, 04:00 PM IST
വോട്ടിംഗ് യന്ത്രത്തിലെ ഗുരുതര പിഴവ് അന്വേഷിക്കണമെന്ന് കുമ്മനം

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിലെ ഗുരുതര പിഴവ് അന്വേഷിക്കണമെന്ന് തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. 

അന്വേഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കോവളത്തെ ചൊവ്വരയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായി ആരോപണമുയര്‍ന്നിരുന്നു. ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വോട്ടിംഗ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചതോടെയാണ് പ്രശ്നം പുറത്തറിയുന്നത്. 

അതേസമയം, വോട്ടിംഗ് മെഷീന്‍ തകരാറ് റിപ്പോര്‍ട്ടു ചെയ്തതേറെയും ബിജെപി സ്വാധീനമുള്ള തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവിടങ്ങളില്‍ ഉയര്‍ന്ന പരാതികളില്‍ ഏറെയും ഏത് ചിഹ്നത്തില്‍ കുത്തിയാലും ബി.ജെ.പിക്കു വോട്ടുവീഴുന്നുമെന്നതായിരുന്നു.

ബിജെപിക്ക് കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഇത്തരമൊരു തകരാറ് ആസൂത്രിതമാണോയെന്ന സംശയവും ബലപ്പെട്ടു വരികയാണ്‌. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എം.പിയുമായ ശശി തരൂര്‍ തന്നെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു.
‘യന്ത്രങ്ങള്‍ക്ക് തകരാര്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍, എന്ത് തകരാര്‍ വന്നാലും എപ്പോഴും താമരമാത്രം തെളിയുന്നത് എങ്ങനെയാണ്’ എന്നാണ് ശശി തരൂര്‍ ചോദിച്ചത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പരാതി ഉയരുന്നത്. ഇതിനു മുന്‍പ് ഒരിക്കലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ ഇത്തരത്തിലുള്ള പരാതി ഉയര്‍ന്നിരുന്നില്ല.

ഒന്നാം ഘട്ട, രണ്ടാം ഘട്ട തിരഞ്ഞെടുപ്പുകളില്‍ ഉത്തരേന്ത്യയില്‍ നിന്നും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ബി.എസ്.പി നേതാവ് മായാവതി, എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, ചില കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. 

എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്നഭിപ്രായപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് നിഷേധിക്കുകയാണ് ചെയ്തത്. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്താനാവില്ലെന്ന നിലപാടാണ് ബിജെപിയും ആവര്‍ത്തിച്ചത്. 

എന്നാല്‍ കേരളത്തില്‍ ഇ.വി.എം ക്രമക്കേട് ആരോപിച്ച് രംഗത്തുവന്നവരില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിയും പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രനുമുണ്ട്. പത്തനംതിട്ട മണ്ഡലത്തില്‍ താമര ചിഹ്നത്തില്‍ വോട്ടുരേഖപ്പെടുത്താന്‍ കഴിയുന്നില്ലെന്നായിരുന്നു കെ. സുരേന്ദ്രന്‍റെ ആരോപണം.