കായല്‍പ്പരപ്പിലെ ആവേശപ്പൂരം "നെഹ്രു ട്രോഫി വള്ളംകളി" ഇന്ന്

66ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലില്‍ നടക്കും. 

Last Updated : Nov 10, 2018, 10:20 AM IST
കായല്‍പ്പരപ്പിലെ ആവേശപ്പൂരം "നെഹ്രു ട്രോഫി വള്ളംകളി" ഇന്ന്

ആലപ്പുഴ: 66ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലില്‍ നടക്കും. 

പ്രളയം കാരണം മാറ്റിവച്ച ജലോത്സവത്തിന് പുന്നമട തയ്യാറായി കഴിഞ്ഞു. സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം ജലമേള ഉദ്ഘാടനം ചെയ്യും. തെന്നിന്ത്യന്‍ സിനിമാ താരം അല്ലു അര്‍ജ്ജുന്‍ മുഖ്യാതിഥി ആയിരിക്കും. കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങളും ജലമേളയില്‍ മുഖ്യാത്ഥികളായെത്തും. 

രാവിലെ പതിനൊന്നുമണിയ്ക്കാണ് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങള്‍ തുടങ്ങുക. ഉച്ചതിരഞ്ഞ് മൂന്നിനാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങള്‍. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങള്‍ക്ക് ശേഷം വനിതകളുടെ മല്‍സരങ്ങള്‍ നടക്കും. പിന്നാലെ ചെറുവള്ളങ്ങളുടെ ഫൈനല്‍ മല്‍സരം നടക്കും. വൈകിട്ട് അഞ്ചരയോടെയാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മല്‍സരങ്ങള്‍. 

സ്റ്റാര്‍ട്ടിംഗിന് ഇത്തവണ നൂതന സാങ്കേതിക വിദ്യയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ വള്ളങ്ങള്‍ക്കും ഒരേ സമയം മാത്രം പുറപ്പെടാന്‍ കഴിയുന്ന സംവിധാനമാണിത്. മുഹമ്മ സ്വദേശിയായ ഋഷികേശാണ് ഈ കണ്ടുപിടുത്തത്തിന്‍റെ പിന്നില്‍.

കഴിഞ്ഞ കുറേ വർഷങ്ങളായി നെഹ്റുട്രോഫി ഉൾപ്പടെ മിക്ക ജലമേളകളിലും സ്റ്റാർട്ടിങ് ഒരു കല്ലുകടിയായിരുന്നു. മത്സരം വൈകുന്നതിന് ഇത് പ്രധാന കാരണമായി. ഈ സാഹചര്യത്തിലാണ് ഇത്തവണ നെഹ്റു ട്രോഫിയിൽ കുറ്റമറ്റൊരു സംവിധാനം ഏർപ്പെടുത്താൻ സംഘാടകർ തീരുമാനിച്ചത്. 

ഋഷികേശ് ഒരുക്കിയ സ്റ്റാര്‍ട്ടിംഗ് സംവിധാനം ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പുന്നമടക്കായലിൽവെച്ച് പരീക്ഷണം നടത്തിയിരുന്നു. ട്രയൽ നടത്തിയപ്പോൾ വിജയകരമായിരുന്നു. സ്റ്റാര്‍ട്ടിംഗ് സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബോട്ട് റേസ് കമ്മിറ്റി വിലയിരുത്തിയിരുന്നു.

സംസ്ഥാനം നേരിട്ട പ്രളയത്തിന്‍റെ ദുരിതങ്ങള്‍ പൂര്‍ണ്ണമായും മാറാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും. എന്നാല്‍ അതോടൊപ്പം കുട്ടനാട് സുരക്ഷിതമാണെന്നാണ് ഈ വള്ളം കളിയിലൂടെ ലോകത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശം. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പ്രധാനകാരണമായി വള്ളംകളിയെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. 

 

 

Trending News