Nilambur By Election 2025: ദി അന്‍വര്‍ ഫാക്ടര്‍... അന്‍വര്‍ ഒറ്റയ്ക്ക് പിടിച്ച വോട്ടുകള്‍, യഥാര്‍ത്ഥ വിജയി ആര്?

Nilambur By Election 2025: പിവി അൻവർ + എൽഡിഎഫ് എന്നതായിരുന്നു 2016 ലും 20221 ലും നിലമ്പൂർ കണ്ടത്. പിവി അൻവർ - എൽഡിഎഫ് എന്ന അവസ്ഥ 2025 ലെ ഉപതിരഞ്ഞെടുപ്പിൽ അൻവറിന്റെ ശക്തിവെളിപ്പെടുത്തി

Written by - Zee Malayalam News Desk | Last Updated : Jun 23, 2025, 03:45 PM IST
  • 2011 ഏറനാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച് ഞെട്ടിച്ച ചരിത്രമുണ്ട് പിവി അൻവറിന്
  • 2014 ൽ വയനാട് ലോക്സഭയിലേക്ക് ഒറ്റയ്ക്ക് മത്സരിച്ച് മുപ്പതിനായിരത്തിലേറെ വോട്ടുകൾ നേടി
Nilambur By Election 2025: ദി അന്‍വര്‍ ഫാക്ടര്‍... അന്‍വര്‍ ഒറ്റയ്ക്ക് പിടിച്ച വോട്ടുകള്‍, യഥാര്‍ത്ഥ വിജയി ആര്?

നിലമ്പൂര്‍: ഒരു മണ്ഡലത്തില്‍ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ വോട്ട് പിടിക്കാന്‍ കേരളത്തിലെ എത്ര രാഷ്ട്രീയ നേതാക്കള്‍ക്ക് കഴിയും എന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാകൂ. അത് പിവി അന്‍വര്‍ എന്നായിരിക്കും. കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങിയിറങ്ങിയതിന് ശേഷം അന്‍വര്‍ നടത്തിയ തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ നോക്കിയാല്‍ ഇത് മനസ്സിലാകും. നിയമസഭയില്‍ ആയാലും ലോക്‌സഭയില്‍ ആയാലും തന്റെ വരവ് അപ്പോഴും അന്‍വര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അതിന്റെ അവസാന ഉദാഹരണം മാത്രമാണ്. അതി ശക്തമായ മത്സരം നടന്ന നിലമ്പൂരില്‍ 19,760 വോട്ടുകളാണ് അന്‍വര്‍ സ്വന്തമാക്കിയത്.

2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട്ടില്‍ ആയിരുന്നു അന്‍വറിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ തുടക്കം. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഉണ്ടായിട്ടും സിപിഐഎമ്മിന്റെ രാഷ്ട്രീയ പിന്തുണ അന്‍വര്‍ സ്വന്തമാക്കി. മത്സരത്തില്‍ മുസ്ലീം ലീഗിന്റെ പികെ ബഷീര്‍ ജയിച്ചെങ്കിലും പിവി അന്‍വര്‍ നേടിയത് 47,452 വോട്ടുകള്‍ ആയിരുന്നു. 11,246 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ബഷീറിനുണ്ടായിരുന്നത്.

2014 ല്‍ അന്‍വര്‍ കളത്തിലിറങ്ങിയത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. വയനാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച് അന്‍വര്‍ സ്വന്തമാക്കിയത് 37,123 വോട്ടുകള്‍. ലോക്‌സഭയില്‍ ഒരു സ്വതന്ത്രനെ സംബന്ധിച്ച് സാധാരണ ഗതിയില്‍ നേടാന്‍ ആകുന്ന വോട്ടുകളായിരുന്നില്ല അത് എന്ന് കൂടി ഓര്‍ക്കണം.

ചരിത്രപരമായി നിലമ്പൂര്‍ യഥാര്‍ത്ഥത്തില്‍ ഒരു യുഡിഎഫ് മണ്ഡലം ആണ്. 1967 മുതലുളള ചരിത്രം പരിശോധിച്ചാല്‍ സിപിഐഎമ്മിന്റെ പാര്‍ട്ടി ചിഹ്നത്തില്‍ അവിടെ വിജയം നേടിയത് കെ കുഞ്ഞാലി മാത്രം ആയിരുന്നു. പിന്നീട് ഇടത് സ്വതന്ത്രനായി ഒരിക്കല്‍ ടികെ ഹംസയും രണ്ട് തവണ പിവി അന്‍വറും വിജയിച്ചു. അതല്ലാതെ, എല്‍ഡിഎഫിനോ സിപിഎമ്മിനോ നിലമ്പൂരില്‍ ഒരു ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ ഇതുവരെ ആയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മറക്കാന്‍ ആവില്ല.

1982 മുതല്‍ 2016 വരെ നടന്ന തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ പോലും തോല്‍വിയുടെ കൈപ്പുനീര്‍ കുടിക്കാത്ത ആളായിരുന്നു ആര്യാടന്‍ മുഹമ്മദ്. ഒടുവില്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി അദ്ദേഹം കളമൊഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിവി അന്‍വറിലൂടെ എല്‍ഡിഎഫ് ആഞ്ഞടിക്കുകയും മണ്ഡലം പിടിച്ചെടുക്കുകയും ചെയ്തു. 2021 ലും ഇത് ആവര്‍ത്തിച്ചു.

2021 ല്‍ പിവി അന്‍വര്‍ നേടിയത് 81,227 വോട്ടുകള്‍ ആയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിവി പ്രകാശിന് കിട്ടിയത് 78,527 വോട്ടുകളും. 2025 ലെ ഉപതിരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വോട്ട് 77,737 വോട്ടുകളായി കുറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നേടിയത് 66,660 വോട്ടുകള്‍. പിവി അന്‍വര്‍ നേടിയത് 19,760 വോട്ടുകള്‍. 

പിവി അന്‍വര്‍ നേടിയത് ആരുടെ വോട്ടുകള്‍ ആണ് എന്ന ചോദ്യം ആണ് ഇവിടെ ഉയരുന്നത്. അത് എല്‍ഡിഎഫിന്റേതാണോ യുഡിഎഫിന്റേതാണോ എന്നതില്‍ ആശയക്കുഴപ്പം വേണ്ടതില്ല. ആ വോട്ടുകള്‍ എല്ലാം തന്നെ പിവി അന്‍വറിന്റെ വോട്ടുകളാണ്. ചിലയിടങ്ങളിലെങ്കിലും യുഡിഎഫ് വോട്ടുകള്‍ അന്‍വര്‍ പിടിച്ചെടുത്തിട്ടുണ്ട് എന്ന് കൂടി വേണമെങ്കില്‍ പറയാം.

സര്‍ക്കാര്‍ വിരുദ്ധ, ഭരണ വിരുദ്ധ വോട്ടുകള്‍ ഉണ്ടായിരുന്നെങ്കില്‍ അത് മുഴുവന്‍ എത്തേണ്ടിയിരുന്നത് ആര്യാടന്‍ ഷൗക്കത്തിന്റെ പെട്ടിയില്‍ ആയിരുന്നു. പക്ഷേ, അന്‍വര്‍ അനുകൂല വോട്ടുകള്‍ മണ്ഡലത്തില്‍ എത്രത്തോളം ഉണ്ട് എന്ന് തെളിയിക്കുന്നതായി മാറി ഈ തിരഞ്ഞെടുപ്പ്. എല്‍ഡിഎഫിന്റെ ശക്തി കേന്ദ്രങ്ങള്‍ എന്ന് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകള്‍ വച്ച് വിലയിരുത്തിയ പഞ്ചായത്തുകളില്‍ പോലും ഇത്തവണ എം സ്വരാജിന് വലിയ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. ആ വോട്ടുകള്‍ 2016 ലും 2021 ലും എവിടെ നിന്ന് വന്നു എന്ന് തെളിയിക്കാന്‍ ഇനി വേറെ കണക്കുകളുടെ ആവശ്യവും ഇല്ല. 

2016 ലും 2021 ലും നിലമ്പൂരില്‍ സംഭവിച്ചത് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷത്തിന്റെ വിജയം ആയിരുന്നില്ല എന്ന് തന്നെ പറയേണ്ടിവരും. പിവി അന്‍വര്‍ +  എല്‍ഡിഎഫ് എന്നതായിരുന്നു ആ സമവാക്യം. അതില്‍ നിന്ന് പിവി അന്‍വറിനെ മാറ്റി നിര്‍ത്തിയാല്‍ മണ്ഡലം പഴയതുപോലെ യുഡിഎഫ് മണ്ഡലം തന്നെ ആയി മാറുന്ന കാഴ്ചയും ഇത്തവണ കണ്ടു. 

ഇതില്‍ നിന്ന് ഒരു കാര്യം വീണ്ടും വ്യക്തമാക്കാന്‍ സാധിക്കും... മേഖലയില്‍ പിവി അന്‍വര്‍ ഒരു പ്രധാന ഫാക്ടര്‍ തന്നെയാണ്. അന്‍വര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ വിജയം യുഡിഎഫിന് അന്യമാണ്. ഇതേ അന്‍വര്‍ യുഡിഎഫിനൊപ്പം നിന്നാല്‍ നിലമ്പൂരില്‍ എന്തായിരുന്നിരിക്കും സംഭവിക്കുക? ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം മുപ്പതിനായിരത്തിന് മുകളിലേക്ക് എത്തുമായിരുന്നോ? 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News