Nimisha Priya Death Sentence Updates: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായത് ജൂലൈ 28 നാണെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്

സനാ: യെമനില്‍ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയുടെ സഹോദരന് അബ്ദുള്‍ ഫത്താഹ് മഹ്ദി രംഗത്ത്. വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം വിധി റദ്ദാക്കി എന്നല്ലെന്നാണ് സഹോദരന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കുന്നത് അസാധാരണമോ അത്ഭുതമുണ്ടാക്കുന്നതോ ആയ സംഭവമല്ലെന്നും സമാനമായ പല കേസുകളിലും സംഭവിക്കുന്നതുപോലെ സ്വാഭാവിക നടപടിയാണിതെന്നും അബ്ദുള്‍ ഫത്താഹ് മഹ്ദി പറഞ്ഞു. നിയമങ്ങളെക്കുറിച്ച് ധാരണയുളളവര്‍ക്ക് ഇക്കാര്യം മനസിലാകുമെന്നും ഒരു നിശ്ചിത സമയത്തേക്ക് ശിക്ഷ മാറ്റിവെക്കാന്‍ അറ്റോര്‍ണി ജനറലിന് അധികാരമുണ്ടെന്നും സത്യം പരാജയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പുതിയ വധശിക്ഷാ തിയതി എത്രയും വേഗം നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായത് ജൂലൈ 28 നാണെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായി എന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു. ജൂലൈ 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നാണ് താത്കാലികമായി നീട്ടിവെച്ചിരുന്നു.
നിമിഷപ്രിയ പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ്. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012 ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേർന്ന് യെമനിലേക്ക് പോയത്. നാട്ടിൽ നഴ്സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി ചെയ്തിരുന്നു. അതിനിടെയാണ് ഇവർ തലാൽ അബ്ദുൾ മഹ്ദി എന്ന യെമൻ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തത്തിൽ ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുന്നതും.
യെമനിൽ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാൻ നിർവ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം ഇവർ തേടിയത്. ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാൽ എല്ലാവരെയും വിശ്വസിപ്പിക്കുകയും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തിൽ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാൽ സ്വന്തമാക്കി. ശേഷം നിമിഷപ്രിയയുടെ പാസ്പോർട്ട് തട്ടിയെടുക്കുകയും, സ്വർണം വിൽക്കുകയും ചെയ്തു. ഒടുവിൽ സഹിക്കാൻ വയ്യാതായപ്പോൾ നിമിഷപ്രിയ അധികൃതർക്ക് പരാതി നൽകി. ഇതോടെ തലാൽ ശാരീരിക ഉപദ്രവങ്ങൾ ആരംഭിച്ചു. ജീവൻ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താൻ തലാലിനെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നായിരുന്നു നിമിഷപ്രിയ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.