നിപാ: ആശങ്ക നീങ്ങുന്നു... നിരീക്ഷണത്തിലുള്ള 6 പേര്‍ക്കും വൈറസ് ബാധയില്ല

നിപാ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന 6 പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 

Last Updated : Jun 6, 2019, 11:02 AM IST
നിപാ: ആശങ്ക നീങ്ങുന്നു... നിരീക്ഷണത്തിലുള്ള 6 പേര്‍ക്കും വൈറസ് ബാധയില്ല

കൊച്ചി: നിപാ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന 6 പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് നിപാ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 
6 പേരുടെയും രക്തത്തിന്‍റെയും ശരീര സ്രവത്തിന്‍റെയും സാമ്പിളുകള്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. വിദ്യാര്‍ത്ഥിയോട് അടുത്തിടപെട്ട രണ്ട് സുഹൃത്തുക്കളും രണ്ട് നേഴ്സുമാരും ഉള്‍പ്പെടെ ആറ് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. 

ഇതോടെ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപാ വൈറസ് ബാധയുള്ളത് എന്ന് വ്യക്തമായി. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ നില തൃപ്തികരമായി തുടരുകയാണ് എന്നും രോഗി റിബാവൈറിന്‍ മരുന്നിനോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം, ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നുമാണ് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

നിപായുമായി ബന്ധപ്പെട്ട വിദഗ്ധരായ ഡോക്ടര്‍മാരുടെ വലിയ സംഘമാണ് കൊച്ചിയിലുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ആലപ്പുഴയില്‍ നിന്ന് ഡോ. ബാലമുരളി, പൂനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡോ. റീമ സഹായ്, ഡോ അനിത എന്നിവര്‍ ജില്ലയില്‍ എത്തിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് ഡയറക്ടര്‍ ഡോ. രുചി ജയിന്‍റെ നേൃതത്വത്തിലുള്ള ആറംഗ സംഘം പറവൂര്‍ വടക്കേക്കര പഞ്ചായത്തില്‍ സന്ദര്‍ശനം ഇന്നലെ നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപിഡെമിയോളജിയില്‍ നിന്നുള്ള ഡോ. തരുണിന്‍റെ നേതത്വത്തിലുള്ള സംഘമാണ് ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കിയത്. 

ജില്ലയിലെ എല്ലാ വെറ്റിനറി സ്ഥാപനങ്ങളിലും മൃഗ രോഗങ്ങള്‍ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ജാഗ്രത ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുകയും ക്ലിനിക്കല്‍ സര്‍വൈലന്‍സ് തുടരുകയും ചെയ്യും.

സംസ്ഥാനത്ത് 314 പേര്‍ നിരീക്ഷണത്തിലാണ്. 

 

 

Trending News