നിപാ വൈറസ്: നേഴ്സുമാര്‍ ഉള്‍പ്പെടെ 4 പേര്‍ നിരീക്ഷണത്തില്‍

ആദ്യഘട്ടത്തില്‍ രോഗിയെ പരിചരിച്ച രണ്ട് നേഴ്സുമാര്‍ക്ക് പനിയുടെ ലക്ഷണമുണ്ട്.  

Last Updated : Jun 4, 2019, 12:08 PM IST
നിപാ വൈറസ്: നേഴ്സുമാര്‍ ഉള്‍പ്പെടെ 4 പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: നിപാ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗവ്യാപനം തടയാനും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും നടപടികള്‍ എടുത്തിട്ടുണ്ട്.

എന്തായാലും ആരും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ സമയത്ത് ഭയമല്ല രോഗം പിടിക്കാതിരിക്കാനുള്ള ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. 

ആദ്യഘട്ടത്തില്‍ രോഗിയെ പരിചരിച്ച രണ്ട് നേഴ്സുമാര്‍ക്ക് പനിയുടെ ലക്ഷണമുണ്ട്.  നേരിയ പനിയും തൊണ്ടയില്‍ അസ്വസ്ഥതയുള്ള ഇവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ നിന്നും കൊണ്ടുവന്ന മരുന്ന് സ്റ്റോക്ക്‌ ഉണ്ട്. മരുന്ന് ഉപയോഗിക്കാനറിയാവുന്ന രണ്ട് ഡോക്ടര്‍മാരും ഉണ്ട്. 

മാത്രമല്ല യുവാവുമായി അടുത്തിടപഴകിയിരുന്ന വേറെ രണ്ട് പേര്‍ക്കും നേരിയ പനിയും ശാരീരിക അസ്വസ്ഥകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ പേടിക്കേണ്ട തരത്തിലുള്ള പ്രശനങ്ങളൊന്നുമില്ല.

രോഗിയ്ക്ക് നിപായാണെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് സ്ഥിരീകരണം ലഭിച്ചത്. എറണാകുളത്തെ ആസ്റ്റര്‍ മെഡ്സിറ്റിയിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്‌. നേരത്തെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപായോട് സാദൃശ്യമുള്ള വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 

തുടര്‍ന്നാണ് മണിപ്പാലിലേയ്ക്കും അവിടെനിന്ന്‍ പൂനെയിലേയ്ക്കും അയച്ചത്. രോഗിയുമായി അടുത്തിടപഴകിയവര്‍ ഉള്‍പ്പെടെ 86 പേര്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്.

പനിയോ ശാരീരിക അസ്വസ്ഥതയോ തോന്നുന്നവര്‍ വിദഗ്ധ ഡോക്ടര്‍മാരെ സമീപിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല, വവ്വാല്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്,  കൈകള്‍ നല്ലവണ്ണം വൃത്തിയാക്കിയശേഷം ആഹാരം കഴിക്കുക, വീടും പരസരവും വൃത്തിയാക്കി സൂക്ഷിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

Trending News