നിപാ വൈറസ്: എയിംസില്‍ നിന്നുള്ള ആറംഗ വിദഗ്ധ സംഘം കൊച്ചിയിലെത്തി

ആവശ്യമാണെങ്കില്‍ കൂടുതല്‍ വിദഗ്ധരെത്തുമെന്നും കളക്ടറുടെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടായിരിക്കും ഇവരെല്ലാം പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.  

Last Updated : Jun 4, 2019, 01:31 PM IST
നിപാ വൈറസ്: എയിംസില്‍ നിന്നുള്ള ആറംഗ വിദഗ്ധ സംഘം കൊച്ചിയിലെത്തി

കൊച്ചി: കേരളത്തില്‍ വീണ്ടും നിപാ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധ സഹായങ്ങള്‍ക്കായി കേന്ദ്രസംഘം കേരളത്തിലെത്തി. ഡല്‍ഹി എയിംസില്‍ നിന്നുള്ള ആറംഗ വിദഗ്ധ സംഘമാണ് ഇന്ന് എറണാകുളത്തെത്തിയത്.

ആവശ്യമാണെങ്കില്‍ കൂടുതല്‍ വിദഗ്ധരെത്തുമെന്നും കളക്ടറുടെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടായിരിക്കും ഇവരെല്ലാം പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

കേന്ദ്രസംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

കേരളത്തില്‍ വീണ്ടും നിപാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന ആരോഗ്യമന്ത്രിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്‌തെന്നും ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

നിപാ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നേതൃത്വത്തിലും കണ്‍ട്രോള്‍റൂമുകള്‍ തുറന്നിട്ടുണ്ട്. 01123978046 ആണ് ഡല്‍ഹിയിലെ കണ്‍ട്രോള്‍ റൂം നമ്പര്‍.
 
Trending News