close

News WrapGet Handpicked Stories from our editors directly to your mailbox

നിപാ വൈറസ്: പരിശോധനാഫലം ഉച്ചയോടെ ലഭിക്കും

പൂനെ വൈറോളജി ഇസ്റ്റിറ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണ് ഇപ്പോള്‍. ജനങ്ങള്‍ ഭയപ്പെടേണ്ടയെങ്കിലും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.   

Updated: Jun 3, 2019, 10:37 AM IST
നിപാ വൈറസ്: പരിശോധനാഫലം ഉച്ചയോടെ ലഭിക്കും

കൊച്ചി: പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപായാണോയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എന്നാല്‍ നിപാ ഉറപ്പായിട്ടില്ലയെന്നും പരിശോധനാഫലം ഉച്ചയോടെ ലഭിക്കുമെന്നും അതിനുശേഷമേ സ്ഥിരീകരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.

പൂനെ വൈറോളജി ഇസ്റ്റിറ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണ് ഇപ്പോള്‍. ജനങ്ങള്‍ ഭയപ്പെടേണ്ടയെങ്കിലും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

ആലപ്പുഴയില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് നിപായാണോയന്ന സംശയം നിലനിര്‍ത്തുന്നുവെന്നും.  കഠിനമായ ചുമയും പനിയും ഉള്ളവര്‍ ഉടനെ തന്നെ ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.

ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് അടക്കമുള്ള സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കോൺടാക്റ്റ് ട്രെയിസിങ്ങിനുള്ള നടപടികളടക്കം ആരംഭിച്ചു കഴി‌ഞ്ഞുവെന്ന് പറഞ്ഞ ആരോഗ്യമന്ത്രി നിപായാണെന്ന് കണ്ടെത്തിയാൽ അത് മറച്ച് വക്കില്ലയെന്നും ഉടൻ തന്നെ ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുമെന്നും പറഞ്ഞു. 

ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ ഇന്ന് ആരോഗ്യവകുപ്പ് ഉന്നതതലയോഗം ചേരുന്നുണ്ട്. 

കഴിഞ്ഞ പത്ത് ദിവസമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് കടുത്ത പനിയുണ്ട്. നിപാ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. 

വൈറസ് ഏതെന്ന് സ്വകാര്യ ആശുപത്രിയിൽ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചത്. അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയും നേരത്തേ തന്നെ അറിയിച്ചിരുന്നു.